25 ദിവസത്തെ ഷൂട്ട്, 5 നായികമാർ; ‘ട്വൽത്ത് മാൻ’ വരുന്നു.

ഒടിടി കാലത്തും കൈനിറയെ പുതിയ പ്രോജക്ടുകളുമായി തിരക്കിലാണു ജനപ്രിയ സംവിധായകൻ ജീത്തുജോസഫ്. ഏറ്റവും പുതിയ മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള അവസാനവട്ട തയാറെടുപ്പുകൾക്കിടയിലാണിപ്പോൾ. തെലുങ്കിൽ വെങ്കിടേഷ് നായകനായ ‘ദൃശ്യം’ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലിത്തിരക്കുകൾക്കായി ഹൈദരാബാദിലായിരുന്നു. രണ്ടു ദിവസം മുൻപാണു ഹൈദരാബാദിൽ നിന്നെത്തിയത്. തുടർന്നു പുതിയ ചിത്രത്തിന്റെ ഷട്ടിങ്ങിനുള്ള തയാറെടുപ്പുകളായി. ഇതിനു പുറമേ തമിഴിൽ ഒരു പ്രോജക്ടുമായി ചർച്ച നടക്കുന്നു. തെലുങ്കിലും പുതിയ പ്രോജക്ട് വന്നിട്ടുണ്ട്. സോണി പിക്ചേഴ്സും ഹോട്ട് സ്റ്റാറും സ്ക്രിപ്റ്റുകൾ നൽകി സിനിമ ചെയ്യാമോ എന്നു ചോദിച്ചിരിക്കുന്നു.

‘ പടം ചെയ്യാമെന്നേറ്റിട്ടുണ്ട്. പക്ഷേ, ഇവിടുത്തെ പ്രോജക്ടുകൾ തീർന്ന ശേഷം കോവിഡിന്റെ സാഹചര്യത്തിന് അനുസരിച്ചാവും അതെല്ലാം തീരുമാനിക്കുക’. ഏതായാലും രണ്ടു വർഷത്തേക്കുള്ള പ്രോജക്ടുകളും കഥകളും ഇപ്പോൾ കയ്യിലുണ്ട്. സാഹചര്യത്തിനനുസരിച്ചാവും ഇനി തീരുമാനം. ജീത്തു ജോസഫ് സംസാരിക്കുന്നു.

പുതിയ മോഹൻലാൽ ചിത്രം

14 പേരോളം മാത്രം അണിനിരക്കുന്ന മോഹൻലാൽ ചിത്രമാണു ‘ട്വൽത്ത് മാൻ’. മിസ്റ്ററിയാണു പശ്ചാത്തലം. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. കെ.ആർ.കൃഷ്ണകുമാറിന്റേതാണു സ്ക്രിപ്റ്റ്. പുതിയ സ്ക്രിപ്റ്റ് റൈറ്ററാണ്. അഞ്ചു നായികമാരുണ്ട് ചിത്രത്തിൽ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവർ. സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ പ്രമുഖരും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സിനിമാ ചിത്രീകരണം സർക്കാർ എന്ന് അനുവദിക്കുന്നുവോ അന്നുമുതൽ ‘ട്വൽത്ത് മാൻ’ ചിത്രീകരണം തുടങ്ങും.

ലൊക്കേഷൻ

ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോർട്ടാണു ലൊക്കേഷൻ. കുറച്ചു ദിവസം കൊച്ചിയിലും കാണും. 25 ദിവസംകൊണ്ടു ചിത്രീകരണം പൂർത്തിയാകും. 90 ശതമാനവും ഒറ്റ ലൊക്കേഷനായതിനാൽ ഷൂട്ടിങ് എളുപ്പത്തിൽ തീരും. ഇതൊരു സസ്പെൻസ് കഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരിച്ചെടുക്കാവുന്ന ചിത്രമാണിത്.

റാം, ഇനിയെന്ത്

ഏറെ പ്രതീക്ഷയോടെ തുടങ്ങിയ മോഹൻലാൽ ചിത്രമാണു ‘റാം’. തമിഴ്നാട്ടിൽ നിന്നുള്ള നിർമാതാക്കളാണ്. ഏകദേശം 14 കോടിയോളം രൂപ അവർ ഇൻവെസ്റ്റ് ചെയ്തു. ഇത്രയും തന്നെ തുക ഇനിയും വേണ്ടിവരും. ഇംഗ്ലണ്ടിൽ ഏറെ ഭാഗം ചിത്രീകരിക്കേണ്ടതിനാൽ കോവിഡ് കാലത്ത് ആ പ്രോജക്ട് എങ്ങനെ പൂർത്തിയാക്കുമെന്ന ആലോചന നടന്നിരുന്നു. ഫ്രാൻസിൽ ചിത്രീകരിച്ചാലോ എന്നും ആലോചിച്ചതാണ്. പക്ഷേ, ചെലവ് കൂടുമെന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈ പ്രതിസന്ധികളൊക്കെ കുറയുമ്പോൾ തീർച്ചയായും ‘റാം’ തുടരും.

ദൃശ്യം വിദേശത്തേക്ക്

ദൃശ്യം കൊറിയൻ ഭാഷയിൽ റിമേക്ക് ചെയ്യാൻ ചർച്ചകൾ നടക്കുകയാണ്. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ നേരിട്ടുള്ള ചർച്ചകളിലേക്ക് എത്തിയിട്ടില്ല. ഇ മെയിൽ വഴിയും ഫോൺ വഴിയുമുള്ള ആദ്യഘട്ടം കഴിഞ്ഞു . ഒരു ഇന്ത്യൻ ഏജന്റിന്റെ നേതൃത്വത്തിലാണു കൊറിയൻ കമ്പനിക്ക് ഈ ചിത്രത്തോടുള്ള താൽപര്യം അറിയിച്ചത്. ദൃശ്യം കൊറിയൻ ഭാഷയിലും കാണാമെന്നാണു പ്രതീക്ഷ.

ചൈനീസ് ദൃശ്യം

ദൃശ്യം 2 കൂടി ചൈനക്കാർ റീമേക്ക് ചെയ്യും. ഒന്നാം ഭാഗം എടുത്ത ചൈനീസ് കമ്പനിയും സിനിമാ ടീമും തന്നെയാണു രണ്ടാം ഭാഗവും എടുത്തത്. വെബ് സീരീസ്, സിനിമാ റൈറ്റ്സ് എന്നിവ അവർ ഈയിടെയാണു വാങ്ങിയത്. ആദ്യഭാഗം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു ഞാനും ആന്റണി പെരുമ്പാവൂരും ചൈനയിൽ പോയിരുന്നു. കോവിഡ് ഇങ്ങനെ രൂക്ഷമായ സാഹചര്യത്തിൽ രണ്ടാം ഭാഗത്തിന്റെ റൈറ്റ്സ് വിൽപനയുമായി ബന്ധപ്പെട്ടു ചൈനായാത്ര നടന്നില്ല. ‘ ഷീപ് വിതൗട്ട് എ ഷെപ്പേർഡ്’ എന്നു പേരിട്ട ദൃശ്യത്തിന്റെ ഒന്നാം പതിപ്പ് ചൈനയിൽ ആയിരം കോടി ക്ലബിലെത്തിയതൊക്കെ വലിയ വാർത്തയായിരുന്നു. ആ ചിത്രത്തിന്റെ സംവിധായകൻ സാം ഖുവാ തന്നെയാണു രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമത്തിലാണത്രെ ചൈനീസ് ടീം.

ഇനിയെന്ത്

തെലുങ്കിലും തമിഴിലും സാഹചര്യം നോക്കിയേ തീരുമാനിക്കൂ. ഹിന്ദിയിൽ നിന്നും ഓഫറുണ്ട്. കൃഷ്ണകുമാർ പറഞ്ഞ മറ്റൊരു കഥ സിനിമയാക്കാവുന്നതാണ്. അതും ഒരുപക്ഷേ നടന്നേക്കും. കഥകൾ ഒരുപാടുണ്ട്. സാഹചര്യമാണ് എല്ലാം നിശ്ചിയിക്കുക. തെലുങ്ക് ചിത്രം ഒടിടിയിലാണോ തിയറ്റർ റിലീസാണോ എന്നു തീരുമാനം ആയിട്ടില്ല. അവിടെ ആന്ധ്ര കൂടി കോവിഡ് പ്രതസന്ധി തരണം ചെയ്താലേ തിയറ്റർ റിലീസ് പ്രായോഗികമാകൂ. അതെല്ലാം അവർ കാര്യമായി ആലോചിക്കുന്നുണ്ട്.

https://youtu.be/u4VXjLAyA-M

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram