കോവിഡ് കാലഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോള്‍ ജ്യോതിക അഭിനയിച്ച പൊന്മകള് വന്താള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ ഇനി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലായെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ചെവികൊള്ളാതെ, സൂര്യ തന്റെ അടുത്ത ചിത്രമായ സൂരറൈ പോറ്റ്രും ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു.

ഇപ്പോഴിതാ സൂര്യയുടെ കരിയറിലെ 39-ാം സിനിമയാണ് ‘ജയ് ഭീം’. ആരാധകരുടെ ആവേശം ഇരട്ടിയാക്കി ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ച് നവംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. സൂര്യ വക്കീല്‍ വേഷത്തില്‍ എത്തുന്ന സിനിമ ഒരു ക്രൈം ത്രില്ലറാണ്.
സൂര്യയെ കൂടാതെ രജിഷ വിജയന്, പ്രകാശ് രാജ്, ലിജോമോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടി. ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എസ്. ആര് കതിര് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ജയ് ഭീമിന് പുറമെ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘രാമന് ആണ്ടാലും രാവണന് ആണ്ടാലും’ എന്ന ചിത്രം സെപ്റ്റംബറിലും. ശശികുമാറും ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഉടന്‍പിറപ്പ്’ ഒക്ടോബറിലും. ഡിസംബറില്‍ അരുണ്‍ വിജയ് നായകനാകുന്ന ‘ഓ മൈ ഡോഗ്’, എന്നീ ചിത്രങ്ങള്‍ കൂടി സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്ടെയ്ന്മെന്റ് ഒ.ടി.ടി റിലീസിന് എത്തിക്കും. ഇതിനായി ആമസോണ്‍ പ്രൈമിമുമായി സൂര്യ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.
നാല് മാസങ്ങള്‍ നാല് കഥകള്‍ എന്നാണ് സൂര്യ ഈ ചിത്രങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്.