ഒരു ഹിന്ദി സിനിമയില്‍ ഇത്ര അധികം മലയാളം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ കണ്ടതിന് ശേഷമുള്ള മലയാളികളുടെ പ്രതികരണം ഇതായിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി പേര്‍ളി മാണി എത്തിയിരുന്നു. മലയാളിയായ നഴ്സിന്റെ വേഷത്തിലാണ് താരം എത്തിയത്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ പേര്‍ളി ലുഡോയിലേക്ക് എത്തിയതിന് പിന്നിലെ രസകരമായ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ് ബസു.
മലയാളിപ്പെണ്‍കുട്ടിയായി അഭിനയിക്കാന്‍ മലയാളി നായികമാരെ തേടുകയായിരുന്നു സംവിധായകന്. കുറച്ചുപേരെ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നായികയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ കാണാന്‍ തീരുമാനിച്ച സംവിധായകന് നായികയെ ഇന്റര്‍വ്യൂ ചെയ്ത പേളിയെ തന്റെ സിനിമയില്‍ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നായികയേക്കാള്‍ നല്ലതാണല്ലോ അഭിമുഖം നടത്തുന്ന പെണ്‍കുട്ടി, ആ കുട്ടിയെ വിളിക്കൂ എന്ന് തന്റെ അസിസ്റ്റന്റിനോട് പറഞ്ഞതായാണ് അനുരാഗ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനുരാഗിന്റെ വീഡിയോ പേളി പങ്കുവെച്ചിട്ടുണ്ട്.