1930ൽ ജൈത്രയാത്ര ആരംഭിച്ച മലയാള സിനിമ ഇന്ന് അതിന്റെ 90 മത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ് നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും, ഡോൾബിയും കടന്ന് 8Kയും സറൗണ്ട് സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയിലും എത്തി നിൽക്കുന്നു ഇന്ന് മലയാള സിനിമ. സിനിമയുടെ വിജയങ്ങൾ ലക്ഷത്തിൽ നിന്നും കൊടിയും കടന്ന് ശതകൊടിയും കടന്ന് കുതിക്കുന്നു . പക്ഷെ ആദ്യ സിനിമ മുതൽ മാറ്റമില്ലാത്ത ചില അലിഖിത നിയമങ്ങൾ സിനിമയിൽ ഇന്നും തുടരുന്നു.
സിനിമ ആയാൽ ഒരു നായകൻ, നായിക പിന്നെ ഒരു വില്ലനും. എങ്ങിനെയൊക്കെ കഥ പോയാലും ഇവ മൂന്നും വാണിജ്യ സിനിമയുടെ ഒഴിവാക്കാൻ ആവാത്ത ഒരു ഘടകം ആണ്. സിനിമ എപ്പോഴും നായകൻറെ ആണ് അവിടെ കൈയ്യടി വാങ്ങി കൂട്ടുന്നതും നായകൻ ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നായക കഥാപാത്രങ്ങൾ ഇക്കാലയളവിനുള്ളിൽ അനേകം ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു നായകൻറെ പ്രാധാന്യം എത്രത്തോളം കൂടണം എന്നത് അതേ സിനിമയിലെ വില്ലൻ എത്രത്തോളം ശക്തൻ ആണ് എന്നതിനെ അടിസ്ഥാനം ആക്കിയാണ് എപ്പോഴും കാണാറുള്ളത്. നായക കഥാപാത്രങ്ങളുടെ മുകളിൽ നിൽക്കുന്ന വില്ലൻ വേഷങ്ങളും അനേകം ഉണ്ട്. അത്തരത്തിൽ മലയാള സിനിമയിലെ മികച്ച ചില വില്ലന്മാരെപറ്റി ആണ് പോസ്റ്റ്. ഇവരിൽ ചിലരൊക്കെ കാല യവനികക്കുള്ളിൽ മറഞ്ഞവർ ആണെങ്കിലും അവർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ കൂടുതൽ തിളക്കത്തോടെ ഇന്നും നിൽക്കുന്നു.
ആദ്യ മലയാള സിനിമയായ വിഗതകുമാരനിലെ ഭൂതനാഥൻ എന്ന വില്ലൻ വേഷം ചെയ്ത ജോൺസൺ എന്ന നടൻ ആണ് മലയാളത്തിലെ ആദ്യ വില്ലൻ. തെന്നിന്ത്യൻ സിനിമയിൽ നായിക ആയിരുന്ന ബി.എസ് സരോജയുടെ അച്ഛൻ കൂടി ആണ് ജോൺസൺ. പിന്നീട് മലയാള സിനിമ ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ വില്ലൻ അല്ല ഒരു വില്ലത്തിയെ ആണ് അവതരിപ്പിച്ചത് കെ.എൻ ലക്ഷ്മികുട്ടിയമ്മ അവതരിപ്പിച്ച ക്രൂരയായ മീനാക്ഷി എന്ന രണ്ടാനമ്മയും അവരുടെ ക്രൂരതക്ക് പാത്രം ആകുന്ന പാവം ഒരു ചേട്ടൻറെയും അനിയത്തിയുടെയും അതിഭാവുകത്വവും അവിശ്വസനീയതയും നിറഞ്ഞ ഈ ഒരു തീം പിന്നീട് ഒരു കാലത്തെ മലയാള സിനിമയുടെ വിജയ സമവാക്യമായി മാറുകയാണ് ഉണ്ടായത്
പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ചില വില്ലൻ കഥാപാത്രങ്ങൾ താഴെ കൊടുക്കുന്നു സിനിമകൾ ഇറങ്ങിയ വർഷം അനുസരിച്ച് മുൻഗണന ക്രമത്തിൽ ആണ് കൊടുത്തിരിക്കുന്നത് ഈ 20 കഥാപാത്രങ്ങളും ഒന്ന് പോലെ മികച്ചവ തന്നെ ആണ്.
1, ചെമ്പൻ കുഞ്ഞ് ( ചെമ്മീൻ )
:കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം സിനിമ കണ്ടവർ ആരും മറക്കില്ല. മലയാളത്തിന്റെ അഭിമാന ചിത്രം ആയ ചെമ്മീനിലെ ആ കഥാ പാത്രം എന്ത് കൊണ്ടോ മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ വേറിട്ട് നിൽക്കുന്നു എങ്കിൽ അതിനു കാരണം കൊട്ടാരക്കര ശ്രീധരൻ നായരുടെ അഭിനയ മികവ് തന്നെ ആണ്. ചെമ്പൻ കുഞ്ഞ് ഒരു അതി ക്രൂരനായ വില്ലൻ ആയിരുന്നില്ല. ഒരു അച്ഛനും, ഭർത്താവും എല്ലാമായിരുന്നു, പക്ഷെ അയാൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് പണത്തെ മാത്രം ആണ്. അതിനു വേണ്ടി സ്വന്തം വാക്കും മാറ്റും. ആ ആർത്തി തന്നെ ആയിരുന്നു പരീക്കുട്ടിയെയും, കറുത്തമ്മയെയും പരസ്പരം നഷ്ടപെടുത്തിയതും, അവസാനം ആ പണം തന്നെ അയാളുടെ മനസ്സിന്റെ താളം തെറ്റിക്കുകയും ചെയ്യുന്നു.
Mohanlal in Manjil Virinja Pookkal Stills-Onlookers Media
2, നരേന്ദ്രൻ ( മഞ്ഞിൽ വിരിഞ്ഞ പൂക്കൾ )
: 1980കളിലെ മലയാള സിനിമയിലെ വില്ലൻ സങ്കല്പങ്ങളുടെ നെറുകയിൽ ചവിട്ടി ആയിരുന്നു മോഹൻലാൽ എന്ന നടന വിസ്മയം നരേന്ദ്രൻ ആയി വന്നത്. സ്വച്ഛമായി ഒഴുകിയ കഥയിൽ ഇടവേളയോട് അടുക്കുമ്പോൾ ഉള്ള നരേന്ദ്രന്റെ വരവ്, ഉള്ളിലെ ക്രൗര്യം ഒളിപ്പിച്ച് സൗമ്യമായി ചിരിച്ച് പ്രഭയോട് നരേന്ദ്രൻ പറയുന്നു congratulations Mrs. Prabha Narendran. പ്രേക്ഷകന്റെ പോലും ശ്വാസം ഒരു വേള നിന്നു പോകുന്ന കഥയിൽ ട്വിസ്റ്റ് ഇട്ട് കൊണ്ടുള്ള വില്ലൻ എൻട്രി. നടന്മാർ നായക വേഷം കെട്ടി ആരാധകരെ ഉണ്ടാക്കിയ ആ കാലത്ത് നരേന്ദ്രൻ എന്ന വില്ലൻ വേഷത്തിലൂടെ മോഹൻലാൽ ആരാധകരെ ഉണ്ടാക്കി എടുത്തു. പുതുമകൾ നിറഞ്ഞ ആ സിനിമയും നരേന്ദ്രനും പിന്നെ രചിച്ചത് ചരിത്രം.
3, കമ്മാരൻ ( പടയോട്ടം )
: 1982ൽ പുറത്തിറങ്ങിയ നവോദയയുടെ പടയോട്ടം സിനിമയിലെ മറ്റ് വില്ലൻ കഥാപാത്രങ്ങളേക്കാൾ കമ്മാരൻ എന്ത് കൊണ്ട് ഇവിടെ ഇടം പിടിച്ചു എന്ന് ചോതിച്ചാൽ ഒറ്റ ഉത്തരം മമ്മൂട്ടി, തൃഷ്ണയിലെ ദാസും, യവനികയിലെ ജേക്കബ് ഈരാളിയും പ്രേക്ഷക മനസ്സിൽ ഇടമുണ്ടാക്കിയ ആ കാലയളവിൽ ആണ് പടയോട്ടത്തിലെ കമ്മാരൻ എന്ന കുടില ബുദ്ധിക്കാരന്റെ വരവും. മധു, പ്രേം നസീർ, തിക്കുറിശ്ശി, അങ്ങനെ ഒരു കാലത്തെ സൂപ്പർ താരങ്ങളും, മോഹൻലാൽ ശങ്കർ എന്നീ യുവ താരങ്ങളും അണി നിരന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കമ്മാരൻ എന്ന കുടില ബുദ്ധിക്കാരൻ വേറിട്ടു നിന്നു. സിനിമയിൽ മോഹൻലാലിന്റെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ കൂടി ആയിരുന്നു കമ്മാരൻ.
4, പവനായി ( നാടോടിക്കാറ്റ് )
: 30 ദശകത്തിനിപുറവും പവനായി എന്ന വാടക കൊലയാളി നമ്മിൽ ചിരിപടർത്തുന്നുണ്ട് പുതു തലമുറയും പാവനായിയെ നെഞ്ചിലേറ്റിയിരിക്കുകയും ചെയ്തിട്ടുണ്ട്. കട്ട വില്ലൻ വേഷത്തിൽ തിളങ്ങി നിന്ന ക്യാപ്റ്റൻ രാജുവിൽ നിന്നും പവനായി പോലെ ഒരു കഥാപാത്രം പ്രതീക്ഷക്കും അപ്പുറം ആയിരുന്നു. ദാസനെയും വിജയനെയും തകർക്കാൻ അനന്തൻ നമ്പ്യാർ ഇറക്കുന്ന വാടക കൊലയാളി പവനായി ഒരു നെഗറ്റീവ് ഷേഡുള്ള കഥാ പാത്രം ആയിരുന്നില്ല എങ്കിൽ പോലും മലയാള സിനിമയിലെ വില്ലന്മാരുടെ കൂട്ടത്തിൽ ചിലപ്പോഴെങ്കിലും മനസ്സിനുള്ളിൽ പവനായി എത്തി നോക്കാറുണ്ട്, ഒരു ചിരി പടർത്തുന്ന ഓർമ്മയായി.
5, കീരിക്കാടൻ ജോസ് ( കിരീടം )
: ഒരു കഥാപാത്രം അതും വില്ലൻ വേഷം ചെയ്ത ആൾ മലയാളിയുടെ മനസ്സിൽ ഇത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് സംശയം ആണ്. മോഹൻരാജ് എന്ന യഥാർത്ഥ പേരിനേക്കാൾ ഇപ്പോളും കീരിക്കാടൻ എന്ന പേരിൽ ആണ് ആ നടൻ അറിയപ്പെടുന്നത് എന്ന് പറയുമ്പോൾ നമുക്ക് ഊഹിക്കാം എന്തായിരുന്നു ആ കഥാപാത്രത്തിന്റെ ആഴവും, വ്യാപ്തിയും എന്ന്. സേതു മാധവൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും തല്ലികെടുത്തി അയാളെ ഒരു കവല ചട്ടമ്പി ആക്കാൻ കാരണക്കാരൻ ആയ കീരിക്കാടൻ ജോസും മലയാളത്തിലെ മികച്ച വില്ലന്മാരിൽ ഒരാളായി ഇന്നും നിൽക്കുന്നു.
6, (റാംജി റാവു ( റാംജി റാവു സ്പീക്കിങ് )
: ഒരു full time കോമഡി ത്രില്ലർ പക്ഷെ സിനിമയുടെ പേര് അതിലെ വില്ലന്റെ തന്നെ ഇതിൽ നിന്നും ഊഹിക്കാം റാം ജി റാവു എന്ന കഥാപാത്രത്തിന്റെ ഡെപ്ത്. ആദ്യം ഊരാക്കുടുക്ക് എന്ന് പേര് നിശ്ചയിച്ച സിനിമക്ക് സംവിധായകൻ ഫാസിൽ ആണ് അന്ന് റാംജി റാവു സ്പീക്കിങ് എന്ന പേര് സംവിധായകർ ആയ സിദ്ധിക്ക് ലാൽമാർക്ക് നിർദ്ദേശിച്ചത്. കാലങ്ങൾക്ക് ഇപ്പുറവും സിനിമ പ്രേമികളുടെ മനസ്സിൽ ആ സിനിമയും റാംജി റാവുവും തെളിഞ്ഞു നിൽക്കുന്നു, അതിന് തെളിവാണ് റാംജി റാവു സ്പീക്കിങ്ങിന്റെ തുടർച്ചയായി വന്ന രണ്ട് ഭാഗങ്ങളിലും റാംജി റാവുവിന്റെ സാനിധ്യം, അത് കൊണ്ട് തന്നെ വിജയരാഘവൻ അവതരിപ്പിച്ച റാംജി റാവുവും മലയാളത്തിലെ എവർഗ്രീൻ വില്ലൻ വേഷങ്ങളിൽ നില നിൽക്കുന്നു.
7, കാർലോസ് ( ഇന്ദ്രജാലം )
: താൻ അഭിനയിച്ച നാടകം സിനിമ ആയപ്പോൾ പറഞ്ഞ് വച്ച പ്രധാന കഥാപാത്രം കൈവിട്ടു പോവുകയും, ആ നിരാശ ഒരു അഭിമുഖത്തിൽ പ്രകടിപ്പിക്കുകയും ചെയ്യേണ്ടി വരിക, അത് കണ്ട ഒരു ഹിറ്റ് മേക്കർ സംവിധായകൻ തന്റെ പുതിയ ചിത്രത്തിലെ വില്ലൻ കഥാപാത്രം ആ നടന് വച്ച് നീട്ടി, പിന്നെ മലയാളിക്ക് ലഭിച്ചത് കാർലോസ് എന്ന മികച്ച വില്ലൻ കഥാപത്രത്തിനെ ആണ്. രാജൻ പി ദേവ് എന്ന അനുഗ്രഹീത കലാകാരന്റെ ഇന്ദ്രജാലം എന്ന സിനിമയിലെ കാർലോസ് ആകാനുള്ള നിയോഗം അങ്ങനെ ആയിരുന്നു. മുൻപും പല സിനിമകളിലും മുഖം കാണിച്ചിരുന്നു എങ്കിലും രാജൻ പി ദേവ് എന്ന നാടക നടന്റെ തലവര മാറ്റിയെഴുതിയ കഥാപാത്രം ആയിരുന്നു ഇന്ദ്രജാലം സിനിമയിലെ കാർലോസ് എന്ന അധോലോക രാജാവ്. കാലങ്ങൾക്കിപ്പുറവും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ വേറിട്ട് നിൽക്കുന്നു കാർലോസ്.
8, ജോൺ ഹോനായ് ( ഇൻഹരിഹർ നഗർ )
: അൽപ സ്വല്പം തരികിടയും വായ്നോട്ടവുമായി നടന്ന ഹരിഹർ നഗറിലെ ആ നാൽവർ സംഘത്തിലേക്ക് ജോൺ ഹോനായ് കടന്ന് വന്നതോട് കൂടി അവരുടെ ജീവിതം തന്നെ മാറി മറിയുക ആയിരുന്നു. കൂടെ മലയാള സിനിമക്ക് ലഭിച്ചത് പുതുമ ഉള്ള ഒരു വില്ലൻ കഥാപാത്രവും. ആദ്യ സിനിമ ആയ ഡോക്ടർ പശുപതിയിലെ നായക വേഷത്തെക്കാളും റിസബാവ എന്ന നടന്റെ മൂല്യവും പ്രേക്ഷക ശ്രദ്ധയും നേടി കൊടുത്തത് ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ആയിരുന്നു. ഇന്നും ആ കഥാപാത്രത്തെക്കാൾ ജോൺ ഹോനായ് എന്ന പേര് പ്രേക്ഷകർ സ്വന്തം മനസ്സിൽ കോറിഇട്ടിരിക്കുന്നു.
9, ആനപ്പാറ അച്ചാമ്മ (ഗോഡ്ഫാദർ )
: ഗോഡ്ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാനെയും 4 ആൺമക്കളെയും വിറപ്പിച്ചു നിർത്താൻ ഒരു സ്ത്രീ ആയ ആനപ്പാറ അച്ചാമ്മക്ക് ആദ്യാവസാനം കഴിഞ്ഞു എങ്കിൽ നമുക്ക് ഊഹിക്കാം എന്തായിരുന്നു ഫിലോമിന അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ ഡെപ്ത് എന്നത്. ഇന്നും മലയാളത്തിലെ -ve ഷേഡുള്ള കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ആനപ്പാറ അച്ചാമ്മ ഇല്ലാത്ത ലിസ്റ്റ് അപൂര്ണമായി തന്നെ തുടരും.
10, ഹൈദർ മരക്കാർ (ധ്രുവം)
:നരസിംഹ മന്നാഡിയാർക്കു ചേർന്ന വില്ലൻ അതായിരുന്നു ഹൈദർ മരക്കാർ. മലയാള സിനിമ കണ്ട ശക്തനായ വില്ലന്മാരിൽ ഒരാൾ, മരണ ഭയം ഒഴികെ മറ്റൊന്നിനെയും ഭയക്കാത്ത ഹൈദർ. വധ ശിക്ഷ ഒഴിവാക്കാൻ സ്വന്തം കാല് തന്നെ മുറിക്കാൻ മടിയില്ലാത്ത ഹൈദർ, നരസിംഹ മന്നാടിയാരെ ഇത്രത്തോളം പ്രേക്ഷക മനസ്സിൽ പതിപ്പിക്കുന്നതിൽ ടൈഗർ പ്രഭാകരൻ എന്ന കന്നഡ നടൻ അവിസ്മരണീയമാക്കിയ ഹൈദർ മരക്കാർ വഹിച്ച പങ്ക് വലുതായിരുന്നു അത് കൊണ്ട് തന്നെ ഒരിക്കലും സിനിമ പ്രേമികളുടെ മനസ്സിൽ നിന്നും മായാത്ത വില്ലൻ വേഷമായി ഹൈദർ നിൽക്കുന്നു.
11, മുണ്ടക്കൽ ശേഖരൻ (ദേവാസുരം, രാവണ പ്രഭു)
: വില്ലൻ എന്നതിനേക്കാൾ ദേവാസുരം സിനിമയിലെ നായകനൊപ്പം ശക്തമായ ഒരു കഥാപാത്രം ആണ് മുണ്ടക്കൽ ശേഖരൻ. ദേവന്റെ പുണ്യവും അസുരന്റെ രൗദ്രവും ഉള്ള മംഗലശേരി നീലകണ്ഠന് ചേർന്ന അസുര ഭാവം ഉള്ള എതിരാളി ആയിരുന്നു തമിൾ നടൻ നെപ്പോളിയൻ അവതരിപ്പിച്ച ശേഖരൻ. മലയാളത്തിലെ ആണത്തമുള്ള നായകൻമാരിൽ ഒരാളായ നീലകണ്ഠനെ പറ്റി പറയുമ്പോൾ എല്ലാം തന്നെ മുണ്ടക്കൽ ശേഖരൻ എന്ന എതിരാളിയും മനസ്സിലേക്ക് എത്തിയിരിക്കും. കാലങ്ങൾക്കിപ്പുറം രാവണപ്രഭു ആയി നീലന്റെ മകൻ കാർത്തികേയൻ വന്നപ്പോളും മറുഭാഗത്ത് ഒരു മഹാമേരുവിനെ പോലെ ശേഖരൻ ഉണ്ടായിരുന്നു.
12, സ്വാമി അമൂർത്താനന്ദ ( ഏകലവ്യൻ )
: ചന്ദ്ര സ്വാമിയും ഹവാലയും ഒക്കെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ചില രാഷ്ട്രീയ പാർട്ടികളുടെയും അടിവേര് അറക്കാൻ പോണ പോലെ വിവാദങ്ങൾ കത്തി പടർന്നു നിൽക്കുമ്പോൾ ആണ് രഞ്ജി പണിക്കരുടെ തൂലികയിൽ അമൂർത്താനന്ദ പിറക്കുന്നത്, കഞ്ചാവ് വിറ്റു നടന്നവൻ സന്യാസി ആയത് ആണ് അന്ന് സിനിമയിൽ കാണിച്ചത്, പക്ഷെ കാലങ്ങൾ ഇപ്പുറം അത്തരത്തിൽ ഉള്ള അനേകം യഥാർത്ഥ ജീവിതങ്ങൾ നമുക്ക് മുന്നിൽ ഇന്നും ഉദാഹരണം ആയി ഉണ്ട്. പിന്നീട് അതേ പോലെ ഉള്ള അനേകം കള്ള സന്യാസി കഥാപാത്രങ്ങൾ പല സിനിമകളിൽ വന്നെങ്കിലും. അവതരണത്തിലെ മികവ് കൊണ്ട് അമൂർത്താനന്ദ എന്ന നരേന്ദ്ര പ്രസാദിന്റെ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു.
13, മോഹൻ തോമസ് ( കമ്മീഷണർ )
: “ചർക്കയിൽ നൂറ്റെടുത്ത ഖദർ കൊണ്ട് നാണം മറയ്ക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരന്റെയല്ല, അവനെയൊക്കെ അപ്പാടെ പടിയടച്ചു പിണ്ഡം വെച്ച് ഹൈടെക്കിലും, ബ്ലൂചിപ്പിലും, കംപ്യൂട്ടിങ്ങിലും, ബ്രെയിൻ ബാങ്കുകളിലുമെല്ലാം രാഷ്ട്രീയ സമസ്യകൾക്കു ഉത്തരം കണ്ടെത്തുന്ന പുതിയ ഡൽഹി. കോടികൾ കൊണ്ട് അമ്മാനം ആടുന്ന സമൃദ്ധയായ ഡൽഹി ഐ ആം ബിലോങ് ദെയർ” ഈ ഡയലോഗിന്റെ പ്രസക്തി ഇന്നിന്റെ രാഷ്ട്രീയത്തിൽ ഒരുപാട് ആണ്. ഒരു കാലത്ത് മലയാള സിനിമയിലെ നായകൻ ആയിരുന്ന രതീഷിന്റെ തിരിച്ചു വരവ് തന്നെ ആയിരുന്നു മോഹൻ തോമസ് എന്ന കഥാപാത്രം, നായകൻറെ വെല്ലുവിളികൾക്കു മുന്നിൽ ചെറു പുഞ്ചിരിയോടെ നിന്ന് അതിനെ എല്ലാം നേരിടുന്ന മോഹൻ തോമസും മലയാള സിനിമ കണ്ട മികച്ച വില്ലന്മാരിൽ ഒരാളായി തുടരുന്നു.
14, ഭാസ്കര പട്ടേലർ (വിധേയൻ)
: സക്കറിയയുടെ ഒരു നോവലിനെ ആധാരം ആക്കി അടൂർ സംവിധാനം ചെയ്ത, മമ്മൂട്ടിയെ ദേശീയ അവാർഡിന് അർഹമാക്കിയ വിധേയനിലെ ഭാസ്കര പട്ടേലറും മലയാളത്തിലെ പകരം വക്കാൻ ഇല്ലാത്ത വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാണ്. തൊമ്മി എന്ന കുടിയേറ്റ നസ്രാണിയെ
അടിമയായി കൊണ്ട് നടക്കുന്ന പട്ടേലർ, അവന് സ്വന്തം ആയതൊക്കെയും കൈക്കൽ ആക്കുന്നുമുണ്ട്. തൊമ്മിയുടെ ഭാര്യയെ പോലും. പട്ടേലർ കൊല്ലപ്പെടുന്നിടത്ത് തൊമ്മി സ്വതന്ത്രൻ ആകപ്പെടുന്നു. ശേഖർ പട്ടേലർ എന്ന കുടകന്റെ യഥാർത്ഥ ജീവിതം തന്നെ ആണ് ഭാസ്കര പട്ടേലറിന് പ്രചോദനം ആയത്.
15, നരേന്ദ്ര ഷെട്ടി (എഫ് ഐ ആർ)
: എഫ് ഐ ആർ എന്ന സിനിമയിലെ നരേന്ദ്ര ഷെട്ടിയെ സിനിമ കണ്ടവർ ആരും മറക്കാൻ ഇടയില്ല, ഒരു യൂണീക്ക് BGM ഒക്കെ ഇട്ടുള്ള വില്ലന്റെ ഇന്ട്രോയും അയാളുടെ ശൈലിയും എല്ലാം ഇപ്പോഴും പുതുമ നിറഞ്ഞ ഒന്ന് തന്നെ ആണ്. നരേന്ദ്ര ഷെട്ടി ആയി തമിൾ നടൻ രാജീവിന്റെ മലയാളത്തിലേക്കുള്ള entry അക്ഷരാർത്ഥത്തിൽ മികച്ചത് തന്നെ ആയി ഇന്നും നില നിൽക്കുന്നു. എഫ് ഐ ആർ എന്ന സിനിമയെപറ്റി ഓർക്കുമ്പോൾ നായകൻ സുരേഷ് ഗോപിയേക്കാൾ മനസ്സിലേക്ക് പെട്ടെന്നെത്തുന്നതും നരേന്ദ്ര ഷെട്ടിയും ആ മാസ് BGMഉം ആണ്.
16, വിശ്വനാഥൻ (പത്രം)
: എൻ. എഫ് വർഗീസ് എന്ന അനുഗ്രഹീത കലാകാരൻ സിനിമ പ്രേമികൾക്കിടയിൽ ഇന്നും ജീവിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം ആയ വിശ്വ നാഥന്റെ സ്ഥാനം ഏറ്റവും മുകളിൽ ആയിരിക്കും. പതിഞ്ഞതും, മൂർച്ചയുള്ളതുമയ ശബ്ദത്തിൽ വിശ്വനാഥൻ സംസാരിച്ചു തുടങ്ങുമ്പോൾ പ്രേക്ഷകനെ പോലും ഭയപ്പെടുത്താൻ ആ കഥാ പാത്രത്തിന് സാധിച്ചു. ഇത് വിശ്വനാഥന്റെ കൊച്ചി എന്ന് പറയുന്ന ഒറ്റ ഡയലോഗിലൂടെ വിശ്വനാഥൻ ആരെന്നു പ്രേക്ഷകനെ കാട്ടി കൊടുക്കുന്നു.
17, ബാലു ഭായ് ( സത്യമേവ ജയതേ )
: സിദ്ധിക്ക് ജീവൻ പകർന്ന ബാലു ഭായ് എന്ന വേഷം ഇവിടെ ഇടം പിടിക്കുന്നത് സിദ്ധിക്കിന്റ അഭിനയ ജീവിതത്തിലെ മാറ്റത്തിന് തുടക്കം കുറിച്ച വേഷം എന്ന നിലയിൽ ആണ്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രം ആയ ഹേമന്ത് രാവണെ പോലും സിദ്ധിക്കിന്റെ ബാലു ഭായ് നിഷ്പ്രഭം ആക്കി കളഞ്ഞു. അന്ന് വരെ ഹാസ്യ നടനായും, സഹനടനായും ഒക്കെ അഭിനയിച്ച സിദ്ദിക്കിൽ നിന്നും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല ബാലു ഭായ് എന്ന കഥാപാത്രം പിന്നീടുള്ള അനേകം കഥാപാത്രങ്ങൾക്കും ജീവൻ പകരാനും മാത്രം ഊർജം ഉണ്ടായിരുന്നു ബാലു ഭായിക്ക്. ഒരു പ്രത്യേക ഇമേജ് ബ്രേക്ക് ചെയ്ത ആ കഥാ പാത്രവും മലയാളത്തിലെ മികച്ച വില്ലന്മാരിൽ ഇടം പിടിക്കുന്നു.
18, ദേവുമ്മ (സൂത്രധാരൻ)
: കർണാടകയിലെ ഒരു കുഗ്രാമത്തിലെ ദേവദാസി പുരയിലെ ദേവുമ്മ എന്ന കഥാപാത്രം ആയി ബിന്ദു പണിക്കരുടെ ഭാവ പകർച്ച അവരുടെ ഏറ്റവും മികച്ചതിലും മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു, ആണുങ്ങളെ പോലും അടക്കി ഭരിക്കുന്ന തന്റേടി ആയ ദേവുമ്മ, മകളെ പോലെ സ്നേഹിച്ച ശിവാനിയെ അവസാനം കാമുകനിൽ നിന്നും അകത്തി ദേവദാസി ആക്കാൻ ഉള്ള തീരുമാനവും ദേവുമ്മ എടുക്കുന്നു. ഒരു പ്രധാന വില്ലൻ കഥാപാത്രം ഇല്ലാതിരുന്ന സൂത്രധാരൻ എന്ന ചിത്രത്തിൽ അവിടുന്ന് ഉള്ള വില്ലത്തി കഥാപാത്രം കൂടി ആകുന്നു ദേവുമ്മ. ലോഹിതദാസ് എന്ന അനുഗ്രഹീത കലാകാരന്റെ സൃഷ്ടി ആയ ദേവുമ്മ, ബിന്ദു പണിക്കരുടെ അത് വരെയുള്ള അവരുടെ മറ്റ് വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു, എന്നത് മാത്രം ആണ് ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ കാരണം.
19, CI നടേശൻ ( ചോട്ടാ മുംബൈ )
: “നിങ്ങൾ ഇപ്പൊ വായിച്ച വേദ പുസ്തകത്തിലെ ദുഷ്ടനും അധർമ്മിയും ശത്രുവും ഞാൻ തന്നെയാ” കൊച്ചിയിലെ ഗുണ്ടകളുടെ തലവനും കാക്കിക്കുള്ളിലെ കാലമാടനും അതായിരുന്നു CI നടേശൻ, അത് കലാഭവൻ മണി എന്ന അതുല്യ കലാകാരൻ അവതരിപ്പിച്ചപ്പോൾ നായക കഥാപാത്രം ആയ വാസ്‌കോയെപോലും ഒന്ന് നിഷ്പ്രഭം ആക്കി കളഞ്ഞു. മണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി CI നടേശൻ മാറിയപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് മികച്ച ഒരു വില്ലൻ കഥാപാത്രം ആണ്.
” ആദ്യം ഞാൻ കൊല്ലുന്നതു തന്നെ ആയിരിക്കും തന്റെ മരണം കണ്ട് മനസൊന്നു പിടച്ചു നിൽക്കുമ്പോ നിന്റെ മോനെയും ഞാൻ കൊല്ലും, ഇത് രണ്ട് കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കൽ ഗുണ്ടകൾ പറയുന്ന പോലെ അല്ല.കൊല്ലുമെന്ന് പറഞ്ഞാൽ നടേശൻ കൊന്നിരിക്കും” feel the BGM
20, കമ്മാരൻ നമ്പ്യാർ (കമ്മാര സംഭവം)
: കമ്മാര സംഭവം എന്ന ചിത്രത്തിൽ കമ്മാരൻ നായകനും ആണ് കമ്മാരൻ വില്ലനും ആണ്, രാഷ്ട്രീയ നേതാക്കളുടേതായി ഇന്നിറങ്ങുന്ന പ്രോപ്പഗണ്ട ജീവ ചരിത്ര സിനിമകൾ വച്ച് നോക്കുമ്പോ അവരുടെ ഒക്കെ അപ്പനായി വരും കമ്മാരനും കമ്മാര സംഭവവും. ഒരു ചരിത്രത്തെ വളച്ചൊടിച്ചു ചതിത്രം ആക്കുമ്പോൾ വില്ലൻ ആയ കമ്മാരൻ നായകനും ആകുന്നുണ്ടെങ്കിലും കമ്മാരൻ എന്ന വില്ലന്റെ കഥയാണ് സിനിമ. പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെടാതെ ഇരിക്കാൻ, അപ്പന്റെ മരണത്തിന് ഇടയാക്കിയവനെ ഉന്മൂലനം ചെയ്യാൻ ഇതിനെല്ലാം തക്കം പാർത്തിരുന്നു പക വീട്ടുന്ന കമ്മാരനും മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലൻ കഥാപാത്രങ്ങളിൽ മുകളിൽ നിൽക്കുന്നു. ഒരിക്കൽ എടുത്തതൊന്നും കമ്മാരൻ പിന്നെ തിരിച്ചു കൊടുത്തിട്ടില്ല കൊടുത്ത വാക്കൊഴിച്ച്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു കമ്മാരൻ നമ്പ്യാർ.
ഈ ലിസ്റ്റിൽ ഇടം പിടിക്കാത്ത അനേകം കഥാപാത്രങ്ങൾ ഇനിയും ഉണ്ട്. ലോറി എന്ന സിനിമയിൽ അനശ്വര നടൻ അച്ചൻകുഞ്ഞ് അവതരിപ്പിച്ച വേലൻ, ബാലൻ കെ നായർ എന്ന അനുഗ്രഹീത കലാകാരൻ പകർന്നാടിയ അനവധി വേഷങ്ങൾ, അനന്തഭദ്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ, സായ്‌കുമാർ, സ്ഫടികം ജോർജ്ജ് എന്നിവർ അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങൾ, അവയൊക്കെയും മികച്ചവ തന്നെ ആണ്. എങ്കിലും സിനിമ പ്രേമികളുടെ ഇടയിൽ ഏറ്റവും ഇടം പിടിച്ച കഥാപത്രങ്ങൾ എന്ന നിലയിൽ ആണ് ഈ 20 കഥാപാത്രങ്ങളെ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.