ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളില്‍ ഒന്നാണ് മാസ്റ്റര്‍. മാസങ്ങള്‍ക്ക് ശേഷം ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവര്‍ തന്നെയായിരുന്നു.കോവിഡ് വ്യാപനത്തോടെ മാസങ്ങളായി തീയേറ്ററുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്റ്ററിന്റെ റിലീസോടെ തിയേറ്ററുകളെ വീണ്ടും പഴയ സ്ഥിതിയില്‍ എത്തിക്കാമെന്ന പ്രതീക്ഷയില്‍ ആണ് തിയേറ്റര്‍ ഉടമകള്‍.
തമിഴ് നാട്ടില്‍ ഈ വര്‍ഷത്തെ പൊങ്കല്‍ പ്രമാണിച്ച് ചിത്രം പുറത്തിറക്കാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലും ഇതേ ദിവസം തന്നെ റിലീസ് നടത്താനാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ കേരളത്തിലെ തിയേറ്ററുകളും മാസ്റ്ററിന്റെ റിലീസോടെ കാര്യക്ഷമമാക്കും.
വിജയ് ചിത്രങ്ങള്‍ക്ക് തമിഴ് നാട്ടില്‍ ലഭിക്കുന്ന അതെ സ്വീകരണം തന്നെയാണ് കേരളത്തിലും ലഭിക്കുന്നത്. ഓരോ വിജയ് ചിത്രങ്ങളും കേരളത്തില്‍ നിന്ന് കോടികള്‍ ആണ് വാരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മാസ്റ്റര്‍ തന്നെ ആദ്യം തിയേറ്ററില്‍ എത്തിക്കാന്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകളെ പ്രേരിപ്പിക്കുന്നതും. ആദ്യം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ചിരിക്കായിരിക്കും പെട്ടിയിലിരിക്കുന്ന മറ്റ് മലയാളസിനിമകളും തീയേറ്ററുകള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. രചനയും നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് തന്നെയാണ്. വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇവരെ കൂടാതെ മാളവിക മോഹനന്‍, അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.