കേരളാ സർക്കാരിൻറെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസിനെ നിയമിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി പങ്കു ചേർന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ. അദ്ദേഹത്തിൻ്റെ സാന്നിധ്യം കൂടുതൽ ആളുകളിലേക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
” പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകൾ ഈ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും”.അദ്ദേഹം പറഞ്ഞു.