കേരളത്തിലെ സിനിമാ തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇവരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് തിയ്യേറ്ററുകള്‍ തുറക്കുന്നത്. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സംഘടനകള്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.തിയറ്ററുകള്‍ തുറക്കുന്ന തിയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുവാനും യോഗത്തില്‍ തീരുമാനമായി.
മാസ്റ്റര്‍ റിലീസ് ദിവസമായ ജനുവരി 13ന് തന്നെ തിയ്യേറ്ററുകള്‍ തുറക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി തിയ്യേറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും. മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്. ഹംസ, ഫിലിം ചേംബര്‍ പ്രസിഡണ്ട് വിജയകുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്. തിയ്യേറ്ററുകള്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ കൊച്ചിയില്‍ ചേരുന്ന സംഘടനകളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും.