അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ലേലത്തില്‍ പിടിക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന കാര്യം ബോബി ചെമ്മണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്സൈറ്റിലാണ് കാര്‍ ലേലത്തില്‍ വച്ചത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവില്‍ ഈ കാറിന്റെ ഉടമസ്ഥന് ട്രംപ് അല്ല. ആഡംബരത്തിന്റെ അവസാനവാക്കായി വിശേഷിപ്പിക്കുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ്(ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില.
ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്സ്മിഷന്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.