സിനിമാ മേഖലയ്ക്ക് ഇളവുകള്‍; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച്‌ താരങ്ങള്‍

മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ളവയില്‍ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് താരങ്ങള്‍.മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യര്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും ഇതിനോടകം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.

‘പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്സ്നേഹാദരങ്ങള്‍’ മമ്മൂട്ടി എഴുതി. ‘മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങള്‍’ എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ‘താങ്ക് യൂ കേരളസര്‍ക്കാര്‍, എന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ‘ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും,പ്രത്യേകിച്ച്‌ മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു’ എന്ന് ദിലീപ് കുറിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടകാലമായി അടഞ്ഞുകിടന്ന കേരളത്തിലെ സിനിമാ തിയേറ്ററുകളാണ് തുറക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനമുണ്ടായത്. കൂടാതെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകള്‍ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 ശതമാനമാക്കി.ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.

2020 മാര്‍ച്ച്‌ 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram