നാളെ റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണായക ഇടപെടലുകളുമായി മദ്രാസ് ഹൈക്കോടതി. നാനൂറോളം ഓളം വെബ്സൈറ്റുകള്‍ നിരോധിച്ച കോടതി രംഗങ്ങള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പൂട്ടാനും ഉത്തരവിട്ടു. ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് നിരോധിച്ച വെബ്സൈറ്റുകളിലേക്കുള്ള സേവനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മാസ്റ്റര്‍ കൊറോണയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ റിലീസ് ആണ്.വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ‘ഒന്നര വര്‍ഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’ എന്ന് ലൊകേഷ് കനകരാജ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.