കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നായകന് യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറില്‍ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന് ഗണ്ണിന്റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഉണ്ട്. എന്നാല്‍ ഈ രംഗത്തിനിടയില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
കര്‍ണാടക ആന്റി ടൊബാക്കോ സെല്‍ ആണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ നായകനായ യഷ്, സംവിധായകന് പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്ഗണ്ടൂര് എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
ടീസറില്‍ യഷ് പുകവലിക്കുന്ന മാസ് രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് കെജിഎഫ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരുന്നത്. ഒരുപാട് ആരാധകരുള്ള ഒരു കന്നട നടന് പുകവലി മാസ് രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്ടിന്റെ കിഴിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്.