കുറുമ്പ ഭാഷയിലുള്ള ആദ്യസിനിമയായ ‘മ്..'( സൗണ്ട് ഓഫ് പെയിന്‍ ) ഇനി ഓസ്‌ക്കാറില്‍ ഇന്ത്യയുടെ പ്രതീക്ഷ.ഔദ്യോഗിക എന്‍ട്രിയായ ജെല്ലിക്കെട്ട് ഈ വര്‍ഷത്തെ ഓസ്‌കാറില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഓസ്‌കാര്‍ മത്സരവേദിയില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് ‘മ്..’. മെയിന്‍ സ്ട്രീം കാറ്റഗറിയില്‍ സമര്‍പ്പിക്കപ്പെട്ട ചിത്രത്തിന്റെ ഓസ്‌കാര്‍ സ്‌ക്രീനിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഐ എം വിജയനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ‘മ്..’. സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ‘ സംസ്കൃത ഭാഷയിലുള്ള നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങൾ രണ്ടായിരത്തി പത്തൊൻപതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീതപ്രതിഭ എഡോണ്‍ മോള, നാടന്‍ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര്‍ ചിത്രത്തിനുവേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പ്രകാശ് വാടിക്കല്‍ തിരക്കഥ. ക്യാമറ ആര്‍. മോഹന്‍, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ.