67-ാമത്- ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ 11 പുരസ്കാരങ്ങളുമായി മലയാളത്തിന് മിന്നും നേട്ടം.മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരംനേടി.സ്പെഷ്യൽ എഫക്ട്സ് (സിദ്ധാർത്ഥ് പ്രിയദർശൻ), വസ്ത്രാലങ്കാരം (സുജിത് ആന്റ് സായി) എന്നീ വിഭാഗങ്ങൾക്കും മരക്കാർ പുരസ്കാരങ്ങൾ നേടി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘കള്ള നോട്ടം’ നേടി. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര, മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരനും നേടി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ച മാത്തുക്കുട്ടി സേവ്യർ നേടി.മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശനത്തിന് അർഹനായി.
‘അസുര’നിലൂടെ തമിഴ് നടൻ ധനുഷും ‘ബോൺസലെ’യിലൂടെ ഹിന്ദി നടൻ മനോജ് ബാജ്പെയിയും മികച്ച നടന്മാർക്കുള്ള രജതകമലം പങ്കിട്ടു. ‘പങ്ക’, ‘മണികർണിക’ എന്നീ സിനിമകളിലൂടെ കങ്കണ റണാവത്ത് നടിയായി. ഹിന്ദി ചിത്രമായ ബഹത്തർ ഹൂരെയിലൂടെ സഞ്ജയ് പുരൻ സിങ് ചൗഹാൻ മികച്ച സംവിധായകനായി. തമിഴ് നടൻ വിജയ് സേതുപതി സഹനടനുള്ള പുരസ്കാരത്തിനും അർഹനായി.