ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റാന്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുങ്ങുന്നു, താരങ്ങളുടെ ക്യാരക്റ്റര്‍ ലുക്കുകള്‍ പുറത്ത്

സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം, എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ ചില താരങ്ങളുടെ ക്യാരക്റ്റര്‍ ലുക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. വികടന്‍ മാസികയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു.

ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ് തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെ ലുക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.

‘ആഴ് വാര്‍കടിയന്‍ നമ്പി’ എന്ന കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. ‘സെംബിയന്‍ മദേവി’ എന്ന കഥാപാത്രത്തിന്റെ ചാരനാണ് ആഴ് വാര്‍കടിയന്‍ നമ്പി. ശരീരം ക്ഷീണിപ്പിച്ച് കുടുമയും പൂണൂലുമൊക്കെയായാണ് ജയറാം നമ്പിയായി എത്തുക.

കൂടാതെ നന്ദിനി/ മന്ദാകിനി’ എന്ന പ്രതിനായികാ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കേണ്ടിയിരുന്ന ‘സുന്ദര ചോഴരെ’ അവതരിപ്പിക്കുന്നത് പ്രകാശ് രാജ് ആണ്. ‘ആദിത്യ കരികാലനാ’യാണ് വിക്രം എത്തുന്നത്. ‘അരുള്‍മൊഴി വര്‍മ്മന്‍’ ആണ് ജയംരവിയുടെ കഥാപാത്രം. ‘വന്ദിയതേവനെ’ കാര്‍ത്തിയതരിപ്പിക്കുമ്പോള്‍ വന്ദിയതേവന്റെ നായികയും ചോഴ രാജകുമാരിയുമായ ‘കുന്ദവി’ തൃഷയും എത്തുന്നു.

‘പെരിയ പലുവേട്ടരായര്‍’ ആയാണ് ശരത്കുമാര്‍ എത്തുന്നത്. ചിന്ന പലുവേട്ടരായര്‍ എന്നാണ് പാര്‍ഥിപന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണിരത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ജയമോഹനാണ് സംഭാഷണം. എ.ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും, വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു. ബൃന്ദ മാസ്റ്റരുടേതാണ് നൃത്ത സംവിധാനം. ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

500 കോടിയിലേറെ ചിലവ് വരുന്ന ചിത്രം, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു നാഴിക കല്ലായിരിക്കും എന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram