മെയ്ഡ് ഇൻ ക്യാരവാൻ’ ചിത്രീകരണം പൂര്‍ത്തിയായി

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആൻ്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇതിനോടകം ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കിയിരുന്നു. തീയേറ്റർ തുറക്കുന്നതിന് അടിസ്ഥാനത്തിൽ ചിത്രം തീയേറ്റർ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ ചിത്രീകരണം മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ പുനരാരംഭിച്ചത്. ചൊവ്വാഴ്ച്ച തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ വിവരവും ചലച്ചിത്ര താരം ഇന്ദ്രൻസ് സെറ്റിൽ എത്തിയതിനെ പറ്റിയും നിർമാതാവ് ബാദുഷ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram