ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി ‘മെയ്ഡ് ഇൻ ക്യാരവാനിൽ’

സുരേന്ദ്രൻ കൊച്ചുവേലു, ഈ പേര് മലയാളക്കരക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാർച്ച് 12 ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തിൽ ഭൂജാതനായ ഇന്ദ്രൻസ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു.

1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത് , ആ ചിത്രത്തിന്റെ നിർമ്മാതാവായ TMN ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളിൽ ആ മേഖലക്കായി പ്രവർത്തിക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രൻസ് എന്ന നടന് മലയാള മനസ്സിൽ സ്ഥാനമുറപ്പിക്കാൻ സഹായകമായി ,

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിലേക്ക് സംവിധായകർ അദ്ദേഹത്തിന്റെ പേരെഴുതി ചേർത്തു. 1993-ൽ രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാർ നരേന്ദ്ര പ്രസാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു സൂപ്പർ ഹിറ്റായ ‘മേലെ പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്‌തു ഫലിപ്പിക്കാൻ ഇന്ദ്രൻസ് എന്ന നടന് സാധിച്ചു.

പിന്നീട് 199-ൽ രാജസേനന്റെ തന്നെ സംവിധാനത്തിൽ പിറന്ന ‘സി.ഐ.ഡി ഉണ്ണികൃഷ്ണൻ BA B.ed‘ എന്ന സിനിമയിലൂടെയാണ് ഇന്ദ്രൻസ് എന്ന കൊമേഡിയൻ മലയാള സിനിമ മേഖലയിൽ വ്യക്തമായി തന്നെ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിൽ തുടക്കത്തിലും ഇന്ദ്രൻസ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടമായിരുന്നു. പഞ്ചാബി ഹൗസ്, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്‌, മലപ്പുറം ഹാജി മഹാനായ ജോജി, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവയൊക്കെ അതിൽ ചിലതു മാത്രം.

എന്നാൽ തമാശ മാത്രമല്ല, അല്പം സ്വല്പം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004-ൽ ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ പിറന്ന് ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥാവശേഷ’നിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു. 2009-ൽ ‘രഹസ്യ പോലീസ്’ എന്ന സിനിമയിൽ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാൻ അദ്ദേഹത്തിനായി. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രതിലും വില്ലനായി അദ്ദേഹം തകർത്തഭിനയിച്ചു.

2014 ൽ മാധവ് രാമദാസിന്റെ സംവിധാന മികവിൽ സുരേഷ്‌ഗോപി ജയസൂര്യ എന്നിവർ അഭിനയിച് ആശുപത്രികളിൽ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന ‘അപ്പോത്തിക്കിരി’ എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ൽ പ്രത്യേക ജൂറി പരാമർശത്തിന് ഇന്ദ്രൻസ് എന്ന പ്രതിഭ അർഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് നമ്മൾ ഓരോരുത്തരും അദ്ദേഹത്തെ കാണാൻ തുടങ്ങുന്നത്.

2018 ൽ ഇന്ദ്രൻസ് എന്ന ബഹുമുഖ കലാകാരന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിശയിൽ, 2017 ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ നടന പാടവത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2019 ൽ സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിന് ‘മഞ്ഞവെയിൽ’ എന്ന സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്‌തു. ഇതേ ചിത്രത്തിന് തന്നെ, ഷാൻഹായ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാകാരനുള്ള (Outstanding ആrtistic Achievement) പുരസ്കാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു.

2020 ൽ മിഥുൻ മാനുവൽ തോമസിന്റെ സൈക്കോളജിക്കൽ ക്രൈം ത്രില്ലെർ ഗണത്തിൽ പെടുന്ന ‘അഞ്ചാം പാതിരാ’യിലെ റിപ്പർ രവി എന്ന സീരിയൽ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. ഒട്ടനവധി പ്രശംസകൾ ഏറ്റുവാങ്ങാനും സാധിച്ചു.

ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച് റോജിൻ തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “Home” എന്ന ചിത്രത്തിലെ സാധാരണക്കാരൻ കുടുംബ നാഥനായ ഒലിവർ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച് കയ്യടി നേടുകയാണ് അദ്ദേഹം. ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാൻ കഴിയാത്തതിനും കാരണം ഒലിവർ ട്വിസ്റ്റ് ഒരു നനവായി നമ്മളിൽ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രൻസ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്.

‘Home’ എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിന് ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ് ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇൻ ക്യാരവാൻ.’ ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമാ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇനിയും ഒരുപാട് ഒരുപാട് കഥാ മൂല്യമുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴും ലളിതമായ ഒരു പുഞ്ചിരിയോടെ തെല്ലും അഹങ്കാരമില്ലാതെ മലയാളികളോട് കൈകൂപ്പി നിൽക്കുകയാണ് ഇന്ദ്രൻസ് എന്ന നടനും ഒരു നല്ല മനുഷ്യനും.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram