
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചെറിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയല്ലെന്ന് മോഹന്‍ലാല്‍. മരക്കാര്‍ മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നും റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
‘സിനിമ റിലീസ് ചെയ്യുന്നതിന് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. അത് പെട്ടെന്ന് തന്നെയുണ്ടായേക്കും. പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഈ സാഹചര്യത്തെ നമ്മള്‍ മറികടക്കും, സിനിമകള്‍ തിയറ്ററുകളിലേക്കെത്തും’, മോഹന്‍ലാൽ.

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ മൂന്ന് വര്‍ഷത്തെ പ്രയത്‌നം ഒരു മൊബൈലില്‍ കാണേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.