
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍. മേനോന് സംവിധാനം ചെയ്ത ചിത്രം. മങ്കട രവിവര്‍മ്മയായിരുന്നു ഛായാഗ്രാഹകന്‍. അതുവരെയും മദിരാശിയിലെ ഷൂട്ടിംഗ് ഫ്ളോറുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാളസിനിമയെ പുറം വാതില്‍ ചിത്രീകരണത്തിനെത്തിച്ചത് പി.എന്‍. മേനോന് എന്ന ദീര്‍ഘദര്‍ശിയായ ചലച്ചിത്രകാരനാണ്. സ്വാഭാവിക ചലച്ചിത്രനിര്‍മ്മിതിക്ക് അത് നാന്ദി കുറിച്ചുവെന്നുവേണം പറയാന്‍. പിന്നീട് വന്ന അനവധിപ്പേര്‍ക്ക് ആ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രചോദനമായി. അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓളവും തീരവും അതിന്റെ തനിമ നഷ്ടപ്പെടാതെ ജീവിക്കുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു ന്യൂജെന്‍ സിനിമയായി തുടരുന്നു.
ആ സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിലാണ് ഓളവും തീരവും പുനസൃഷ്ടിക്കായി ഒരുങ്ങുന്നത്. എം.ടിയുടെതന്നെ തിരക്കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുന്നത് പ്രിയദര്‍ശനാണ്. ഓളവും തീരത്തിലെ നായകനായ ബാപ്പുട്ടിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും.
എം.ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നായി അങ്ങനെ ഓളവും തീരവും കൂടി മാറുകയാണ്. ഇപ്പോള്‍ എം.ടിയുടെ തന്നെ ശിലാലിഖിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയന്. പട്ടാമ്പിയിലാണ് ചിത്രീകരണം നടക്കുന്നത്. ബിജുമേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിനുശേഷം ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിലേയ്ക്ക് പ്രിയന് കടക്കും.
ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസയെ ഇനിയും കണ്ടെത്തിയിട്ടില്ല. നബീസ ആരാകുമെന്നുള്ള ആകാംക്ഷയിലാണ് സിനിമാലോകം ഒന്നടങ്കം.
ചാരുചിത്ര പ്രൊഡക്ഷന്റെ ബാനറില്‍ പി.എ. ബക്കറാണ് ഓളവും തീരവും നിര്‍മ്മിച്ചത്. പുതിയ ഓളവും തീരത്തിന്റെയും നിര്‍മ്മാതാക്കള്‍ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ്. ആര്.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.