കെ.എസ്. ചിത്ര – ജന്മദിനം

മലയാളിയായ ഒരു പിന്നണി ഗായികയാണ്‌ കെ.എസ്. ചിത്ര (ജനനം: 1963 ജൂലൈ 27). ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് കെ. എസ്. ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു.

തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .

6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര .

കുടുംബം

എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ലഭിച്ച ഏകമകൾ നന്ദന, 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണുമരിച്ചു.

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ

6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ്

1986 – ഗാനം: “പാടറിയേൻ പഠിപ്പറിയേൻ” (സിന്ധുഭൈരവി, തമിഴ്)

1987 – ഗാനം:”മഞ്ഞൾപ്രസാദവും നെറ്റിയിൽ” (നഖക്ഷതങ്ങൾ, മലയാളം

1989 – ഗാനം:”ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി” (വൈശാലി, മലയാളം)

1996 – ഗാനം:”മാനാ മദുരൈ” (മിൻസാരക്കനവ്, തമിഴ് )

1997 – ഗാനം:”പായ‌ലേം ചൻമൻ” (വിരാസത്, ഹിന്ദി)

2004 – ഗാനം:”ഒവ്വരു പൂക്കളുമേ” (ഓട്ടോഗ്രാഫ്, തമിഴ്)

16 തവണ കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ്

9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ

4 തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്

3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram