വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മൂന്നാം ചിത്രമാണ് ഇത്. ചിത്രത്തിൻ്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ടീസർ ഏറ്റെടുക്കുകയും ചെയ്തു. ടീസർ വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതു വരെ കണ്ടിരുന്ന വിജയ് കഥാപാത്രങ്ങളെ പോലെ അല്ല മാസ്റ്റർ സിനിമയിലെ നായകകഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ഒരു ഡയലോഗ് പോലും നൽകാതെ, അത്യന്തം സസ്പെന്സ് നിറച്ചു കൊണ്ടാണ് ഈ കഥാപാത്രത്തെ ലോകേഷ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഇവർ തമ്മിലുള്ള സംഘട്ടന രംഗങ്ങളും കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ഉടനീളമുണ്ട് എന്നാണ് ടീസർ നൽകുന്ന സൂചന. തിയേറ്ററുകളെ ഇളക്കി മറിക്കാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട് എന്നു തന്നെയാണ് ടീസറിൽ കാണിച്ചിരിക്കുന്ന ഇവരുടെ കോമ്പിനേഷൻ സീനുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇരുവരുടെയും കഥാപാത്രങ്ങൾക്ക് ഒരുപാട് സാമ്യമുണ്ട് എന്നും, അതുകൊണ്ടുതന്നെ അതിനെ ആധാരമാക്കി നിരവധി തിയറികളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ആൾട്ടർ ഈഗോ എന്ന സബ്ജക്ട് ആണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് ഇപ്പോൾ പറയപ്പെടുന്ന ഒരു തിയറി. ഒരു വ്യക്തിയുടെ ഉള്ളിൽ അയാൾക്ക് ഇഷ്ടമല്ലാത്ത ഒരു വ്യക്തിത്വം ഉടലെടുക്കുകയും, പതിയെ ഇത് വളരുകയും, അവസാനം ആ വ്യക്തി പോലും അറിയാതെ അയാൾ മറ്റൊരാളായി മാറുന്നതാണ് ആൾട്ടർ ഈഗോ എന്ന സൈക്കോളജിക്കൽ സ്റ്റേറ്റ്. ദ്വന്ത വ്യക്തിത്വം, അപര വ്യക്തിത്വം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മണിച്ചിത്രത്താഴ്, അന്ന്യൻ എന്നീ സിനിമകളും ഇതേ സബ്ജക്ട് ആയിരുന്നു ചർച്ചചെയ്തത്. ഈ വിഷയത്തിൽ ഊന്നിയാണ് ചിത്രം കഥ പറയുന്നത് എന്നത് സാധൂകരിക്കുന്ന നിരവധി സൂചനകൾ ആണ് ചിത്രത്തിൽ നൽകിയിട്ടുള്ളത്.
മാർച്ച് 15ന് ആയിരുന്നു ചിത്രത്തിലെ ഓഡിയോ ലോഞ്ച്. അതിനു മുൻപ് ഇറങ്ങിയ ഓഡിയോ ലോഞ്ച് പോസ്റ്ററിൽ വിജയ് കുറെ പുസ്തകങ്ങൾക്ക് മുകളിൽ വിശ്രമിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇതിൽ ഒരു പുസ്തകത്തിൻറെ പേര് “ആൾട്ടർ ഈഗോ” എന്നാണ് എന്നതും ശ്രദ്ധേയമാണ്. ഇതു കൂടാതെ മറ്റൊരു പുസ്തകത്തിൻറെ പേര് ഇങ്ങനെയാണ് – “16 പേഴ്സൺ ടൈപ്സ്”. അതുകൊണ്ടുതന്നെ വിജയ് അവതരിപ്പിക്കുന്ന മാസ്റ്റർ കഥാപാത്രവും വിജയ് സേതുപതി അവതരിപ്പിക്കുന്ന റൗഡി കഥാപാത്രവും ഒന്നുതന്നെയാണ് എന്ന നിഗമനത്തിലേക്കാണ് കുറേപ്പേർ എത്തിച്ചേരുന്നത്.ഇതുകൂടാതെ പല ഫൈറ്റ് സീനുകളിലും വിജയ്‌യും വിജയ് സേതുപതിയും ഒരേ മാനറിസത്തോടെ ആണ് ഫൈറ്റ് ചെയ്യുന്നത്. ഒരു സീനിൽ വിജയ്‌യുടെ കവിളിൽ രണ്ട് ചെറിയ സ്റ്റിച്ച് കാണിക്കുന്നുണ്ട്. മറ്റൊരു സീനിൽ വിജയ് സേതുപതിയുടെ കവിളിൽ ഇതേ ഭാഗത്ത് ആയിട്ട് രണ്ട് മുറിവുകൾ ഉണങ്ങി വരുന്നതും കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സൂചനകൾ നിരത്തിവെച്ച് കൊണ്ടാണ് ഈ രണ്ടു കഥാപാത്രങ്ങളും ഒന്നാണ് എന്ന വാദം ചിലർ ഉന്നയിക്കുന്നത്.