ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയുന്നുവെന്ന സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമാന പരാതിയുമായി സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും രംഗത്ത്. ഓസ്കർ ലഭിച്ച ശേഷം തന്നെ ആരും ഹിന്ദി സിനിമയിലേക്ക് വിളിക്കാതിരുന്ന കാലത്ത് തകർച്ചയുടെ വക്കിലായിരുന്നു താനെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. പൂക്കുട്ടിക്കും റഹ്മാനും സ്ലം ഡോഗ് മില്യണർ എന്ന സിനിമയിലെ മികവിനാണ് ഓസ്കർ ലഭിച്ചത്.
ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നുമാണ് എ ആർ റഹ്മാൻ പറഞ്ഞത്. തനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല. പക്ഷെ പണ്ടുള്ള പോലെയല്ല. ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ തന്നെ സമീപിക്കുന്നുള്ളു. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്. മുമ്പത്തേക്കാളും ഇപ്പോള്‍ എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങള്‍ കുറച്ച് ചെയ്യുന്നു എന്ന റേഡിയോ അവതാരകന്‍റെ ചോദ്യത്തിനാണ് റഹ്മാന്‍ ഈ മറുപടി നല്‍കിയത്.
റഹ്മാന്റെ വെളിപ്പെടുത്തലിനോട് ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ പ്രതികരിച്ചത് ഇങ്ങനെയാണ്- ”നിങ്ങളുടെ പ്രശ്നം എന്താണെന്ന് അറിയാമോ റഹ്മാൻ? നിങ്ങൾക്ക് ഓസ്കർ ലഭിച്ചു. ബോളിവുഡിന് കൈകാര്യം ചെയ്യാനാവുന്നതിലും അധികം പ്രതിഭയുള്ളവനാണ് നിങ്ങളെന്ന് തെളിഞ്ഞു”.
ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയായി റസൂൽ പൂക്കുട്ടി പറഞ്ഞതിങ്ങനെ- ”പ്രിയപ്പെട്ട ശേഖർ കപൂർ, എന്നോട് അതേപ്പറ്റി ചോദിക്കൂ. ഓസ്കർ ലഭിച്ച ശേഷം ഹിന്ദി സിനിമയിലേക്ക് ആരും വിളിക്കാതെ തകർച്ചയുടെ വക്കിലായിരുന്നു ഞാൻ. പക്ഷേ പ്രാദേശിക സിനിമകൾ എന്നെ ചേർത്തുപിടിച്ചു. നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ പ്രൊഡക്ഷൻ ഹൗസുകളുണ്ട്. എന്നാലും ഞാൻ ഈ ഇൻഡസ്ട്രിയെ സ്നേഹിക്കുന്നു”.
സുശാന്ത് സിങ് രാജ്പുതിന്റെ അവസാന സിനിമയ ദില്‍ ബേച്ചാര എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മുകേഷ് ഛാബ്ര തന്നെ സമീപിച്ച അനുഭവവും റഹ്മാൻ പങ്കുവെക്കുകയുണ്ടായി. മുകേഷിന് രണ്ട് ദിവസം കൊണ്ട് നാല് പാട്ടുകള്‍ നല്‍കി. തന്നെ സമീപിക്കുന്നതിൽ നിന്നും പലരും വിലക്കാൻ ശ്രമിച്ചെന്ന് ഛാബ്ര പറഞ്ഞു. പലരും പല കഥകളും പറഞ്ഞെന്ന് ഛാബ്ര തന്നെയാണ് തന്നോട് വെളിപ്പെടുത്തിയത്. പക്ഷേ സിനിമ റിലീസായി. ആ സംവിധായകൻ സന്തുഷ്ടനാണെന്നും റഹ്മാൻ വിശദീകരിച്ചു.