
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം അജഗജാന്തരത്തിന് സെൻസർ ബോർഡിൻ്റെ അംഗീകാരം. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാലാണ് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചത്. സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന മന്ത്രി സജി ചെറിയാന്റെ അറിയിപ്പ് ലഭിച്ചപ്പോൾ, ചിത്രം 300-ൽ പരം തീയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണെന്ന് ആൻ്റണി പെപ്പെ, തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കുമ്പോൾ ഗംഭീര ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്നതിൻ്റെ ആഹ്ലാദത്തിലാണ് മലയാള സിനിമപ്രേക്ഷകർ.
ഉത്സവാന്തരീക്ഷത്തിൽ ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് ടിനു പാപ്പച്ചൻ – ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരം, തീയേറ്ററുകളെ പഴയതു പോലെ പൂരപ്പറമ്പാക്കാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. മുൻപ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകൾക്ക് വലിയ അളവിൽ സ്വീകാര്യത ലഭിച്ചിരുന്നു. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം.
വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.