അമ്മ സംഘടന പിറവിയെടുത്ത് 25 വര്‍ഷം കഴിയുമ്പോള്‍ താരസംഘടനക്ക് പുതിയൊരു ആസ്ഥാന മന്ദിരം ഉയര്‍ന്നിരിക്കുകയാണ്. എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്ക് മാത്രമാവും പ്രവേശനം.
മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇപ്രകാരം. ”സുഹൃത്തേ, വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. നമ്മുടെ അമ്മ എന്ന സംഘടന പിറവിയെടുത്തിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ കാലത്തിനിടത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിച്ചു. അംഗങ്ങളുടെ ഒത്തൊരുമയും ഇത്രയും കാലം ഈ സംഘടനയെ നയിച്ച് നമ്മുടെ സഹപ്രവര്‍ത്തകരുടെ മികവുമാണ് ഈ പ്രസ്ഥാനത്തെ ഇത്രയും വളര്‍ത്തിയതും വലുതാക്കിയതും. ഇക്കാലമത്രയും അമ്മയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനം വേണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടായിരുന്നു. എങ്കിലും അതിനെക്കാളും അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നമ്മള്‍ മുന്‍ഗണന നല്‍കിയിരുന്നത്.
എന്നാല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നമ്മുടെ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. എല്ലാ പ്രൗഡിയോടും കൂടി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി ആറാം തീയതി രാവിലെ 10നും-11നും ഇടയ്ക്ക് ഉദ്ഘാടനം ചെയ്യുകയാണ്. എല്ലാവരും വന്നു ചേരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഈ പ്രത്യേക സാഹചര്യം മൂലം പലര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാനാവില്ല എന്ന സത്യവും ഖേദപൂര്‍വ്വം ഞാന്‍ മനസിലാക്കുന്നു. എങ്കിലും പരമാവധി എല്ലാവരും പങ്കെടുക്കുവാന്‍ ശ്രമിക്കണം. നമ്മുടെ എല്ലാവരുടെയും ഈ സ്വപ്‌നം സാക്ഷാത്കരിച്ച് തന്ന സര്‍വ്വേശ്വരനെ സ്തുതിച്ചുകൊണ്ടും മണ്‍മറഞ്ഞുപോയ നമ്മുടെ സഹപ്രവര്‍ത്തകരെ സ്മരിച്ചുകൊണ്ടും അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും സ്‌നേഹപൂര്‍വം നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍.”