
സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന് അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സുഹൃത്തും അഭിനേതാവുമായ യശ്പാല്‍ ശര്‍മ്മയാണ് അനുപം ശ്യാമിന്റെ മരണവാര്‍ത്ത അറിയിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും യശ്പാല്‍ ശര്‍മ്മയും കൂടെയുണ്ടായിരുന്നു. സംസ്കാരം ഇന്ന് നടക്കും.

ടി.വി. പരമ്പരയായ മന് കി ആവാസ്, പ്രതിഗ്യ എന്നിവയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത താരം സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.
സത്യാ, ദില്‍ സേ, ലഗാന്‍, ഹസാറോണ്‍ ഖ്വയിഷെയിന്‍ ഐസി എന്നിവയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.
1996 ല്‍ പുറത്തിറങ്ങിയ സര്‍ദാരി ബീഗമാണ് ആദ്യ ചിത്രം. 2019 ല്‍ ശ്രാവന് കുമാര്‍ തിവാരി സംവിധാനം ചെയ്ത 706 ലാണ് അവസാനം അഭിനയിച്ചത്.