“മിഷന്‍-സി’ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ മലയാളത്തിലെ യുവ നടന്‍ അപ്പാനി ശരത് നായകനാവുന്നു.തമിഴ്‌നാട്ടിലെ ഏറെ പേരുകെേട്ട ജല്ലിക്കെട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഡോ: ജയറാം ശിവറാം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്നു. മണ്ണും മനുഷ്യനും മൃഗങ്ങളും ആചാരങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിൻ്റെ കഥ ജല്ലിക്കെട്ട് എന്ന കാർഷിക ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുകയാണ് സിനിമയിലെന്ന് സംവിധായകൻ പറയുന്നു.
“വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്‌നാടും തമിഴ് സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്‌കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു”.സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
തമിഴിലെ ഒട്ടനവധി ശ്രദ്ധേയ താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ ഏതാനും താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില്‍ തന്നെയാണ് മെയ് 15ന് സിനിമയുടെ ആരംഭമെന്നതും പ്രത്യേകതയാണ്.