“ലാലിന്‍റെ അഭിനയ റേഞ്ച് അപാരമാണ്. ഭരത്‌ഗോപിമായി താരതമ്യം ചെയ്യാവുന്ന ഏക നടന്‍ ലാലാണെന്ന് ഞാന്‍ പറയും. മമ്മൂട്ടിയും നെടുമുടി വേണുവും തിലകനും ഒക്കെ പകരം വെക്കാൻ കഴിയാത്ത പ്രഗത്ഭരായ നടന്‍മാരാണ്. പക്ഷേ ലാലിന്‍റെ റേഞ്ച് അതിനൊക്കെ മേലെയാണ്.” – വേണു നാഗവള്ളി
വേണു നാഗവള്ളിയുടെ മരണം മലയാളികളുടെ നഷ്ടമാണ്. വ്യക്തിപരമായും തൊഴില്‍പരമായും ഈ മരണം മോഹന്‍ലാലിന്‍റെ മനസിലായിരിക്കും ഏറ്റവും വലിയ ശൂന്യത സൃഷ്ടിക്കുക. കാരണം, മോഹന്‍ലാലിനെ ഏറ്റവുമധികം സ്നേഹിച്ച ആളായിരുന്നു വേണു. സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചയാള്‍. അതിലുമുപരി ലാല്‍ എന്ന പ്രതിഭയെ ആരാധിച്ചയാള്‍. ലാലിനെക്കുറിച്ചോര്‍ത്ത് അഭിമാനം കൊണ്ടയാള്‍. സംവിധായകൻ എന്ന നിലയിൽ ലാലിലെ നടനെ ചൂഷണം ചെയ്തയാൾ… മോഹന്‍ലാലിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാകണം, വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മൂന്നേണമൊഴിച്ചു ബാക്കി എല്ലാം മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടായിരുന്നു. ആദ്യചിത്രമായ ‘സുഖമോ ദേവി’ അകാലത്തില്‍ മരിച്ച തന്‍റെ സുഹൃത്തിനെക്കുറിച്ചുള്ളതായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന ദുരന്ത കഥാപാത്രത്തെ മലയാള സിനിമയുള്ളിടത്തോളം പ്രേക്ഷകര്‍ മറക്കില്ല. ‘ലാലേട്ടന്‍’ എന്നാണ് മോഹന്‍ലാലിനെ ഇന്ന് കൊച്ചു കുട്ടികൾ മുതൽ വൃദ്ധ ജനങ്ങൾ വരെ വിളിക്കുന്നത്. സ്നേഹപൂര്‍ണമായ ആ വിളി ആദ്യം കേട്ടത് വേണു നാഗവള്ളിയുടെ ‘സര്‍വകലാശാല’ എന്ന ക്യാമ്പസ് ചിത്രത്തിലായിരുന്നു. ആ സിനിമയ്ക്ക് ശേഷവും മോഹന്‍ലാലിനെ മലയാളികള്‍ അങ്ങനെതന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും നിഷ്കളങ്കതയും നിസഹായതയും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിനു വേണ്ടി വേണു എന്നും ഒരുക്കിയത്. സുഖമോദേവിയിലെ സണ്ണി, സര്‍വകലാശാലയിലെ ലാലേട്ടന്‍, ലാല്‍സലാമിലെ നെട്ടൂരാൻ സ്റ്റീഫന്‍, ഏയ് ഓട്ടോയിലെ സുധി, കിഴക്കുണരും പക്ഷിയിലെ അനന്തു, കളിപ്പാട്ടത്തിലെ വേണുഗോപാല്‍ജി, അഗ്നിദേവനിലെ അനിയന്‍ കുട്ടന്‍, രക്തസാക്ഷികള്‍ സിന്ദാബാദിലെ ശിവസുബ്രഹ്‌മണ്യം…