ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും ; കേന്ദ്രകഥാപാത്രം റെഡി
ആസിഫ് അലി നായകനാകുന്ന ’മഹേഷും മാരുതിയും’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ 1984 മോഡൽ മാരുതി 800 കാർ റെഡി.മലപ്പുറത്തെ ഓൺറോഡ് അംഗങ്ങളാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയെടുത്തത്. നടൻ ആസിഫ് അലിയും നിർമാതാവ് മണിയൻപിള്ള രാജുവും സംവിധായകൻ സേതുവുമടങ്ങുന്ന സംഘം തിങ്കളാഴ്ച ഓൺറോഡ് ബോഡി ഷോപ്പിലെത്തി കാർ ഏറ്റുവാങ്ങി……. ഷൂട്ടിംഗിനായി ഈ കാർ കണ്ടെത്തിയെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇതിനായി ഓൺറോഡ് ടീമിനെ ഏൽപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള പാർട്സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവർ പുതുക്കിയെടുത്തത്. ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ നേരത്തേ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.