
അമിത് ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’യുടെ ഒഫീഷ്യൽ ട്രൈലർ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ ചേർന്ന് സോഷ്യൽ മീഡിയ വഴി പുറത്തിറക്കി. പ്രണയവും കോമഡിയും ആക്ഷനും മാത്രമല്ല മനുഷ്യക്കടത്തും ചിത്രത്തിൻ്റെ പ്രമേയമാണ്. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ കഥാപശ്ചാത്തലം. ചടുലമായ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മുൻപ് റീലീസ് ചെയ്ത പോസ്റ്ററുകളും പോസ്റ്ററിലെ അമിത് ചക്കാലക്കലിന്റെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതി ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.
എസ്. ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഫ്സൽ അബ്ദുൾ ലത്തീഫ്, എസ്. ജെ. സിനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു. ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തോമസ് പി.മാത്യു, ആർട്ട് സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ് രാംദാസ് മാത്തൂർ, സ്റ്റണ്ട്സ് വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി എന്നിവർ, ഡിസൈൻസ് സനൂപ് ഇ.സി, മനു ഡാവിഞ്ചി എന്നിവർ, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് എം. ആർ. പ്രൊഫഷണൽ.