ഇടഞ്ഞു നിൽക്കുന്ന ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി “ഏകദന്ത”; ടൈറ്റിൽ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകൾ പ്രഖ്യാപിച്ച്, പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകൾ ഉണ്ട്. ഈ നിരയിലെ പുതിയ സംഭവമായിരിക്കുകയാണ് ഒറ്റക്കൊമ്പൻ എന്ന പേരിൽ രണ്ടു മാസത്തെ ഇടവേളയിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടു ചിത്രങ്ങൾ. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ ചിത്രവും. രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാപ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും മറ്റ് വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റിയിരിക്കുകയാണ് മഹേഷും കൂട്ടരും.

വന്യമായ പ്രദേശത്ത് ഇടഞ്ഞു നിൽക്കുന്ന ഒറ്റക്കൊമ്പുള്ള ആനയുടെ ചിത്രമാണ് “ഏകദന്ത” എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഏകദന്ത”. ഷിമോഗ ക്രിയേഷൻസിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറിൽ ഷബീർ പത്തൻ, നിധിൻ സെയ്നു മുണ്ടക്കൽ, എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. ബാദുഷ എൻ.എം ആണ് പ്രൊജക്ട് ഡിസൈനർ. മലയാള മുൻനിര താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്ന് സംവിധായകൻ മഹേഷ് പറഞ്ഞു. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ്ഘോഷ് നാരായണനാണ്. അര്‍ജുന്‍ രവി ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മ്യൂസിക്ക് & ബിജിഎം ഒരുക്കുന്നത് രതീഷ് വേഗയാണ്. എഡിറ്റര്‍- പി.വി.ഷൈജല്‍, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, കലാസംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേംനാഥ്, മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്- ഗോകുൽ ദാസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍- സഹീർ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram