വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു; വിടവാങ്ങിയത് കൊറിയൻ ചലച്ചിത്ര ഇതിഹാസം.

പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു, വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയാണ് അന്ത്യമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.

ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെര്‍ലിനിലും വെനീസിലും പ്രധാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ ജീവിതം നാടകീയത നിറഞ്ഞതായിരുന്നു. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.

1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്‍റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ വര്‍ഷങ്ങളില്‍ എത്തി. 2004-ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ലഭിച്ചു.

സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിങ്, സമരിറ്റൻ ഗേൾ, ത്രീ അയേൺ, വൈൽഡ് ആനിമൽസ്, ബ്രിഡ്കേജ് ഇൻ, റിയൽ ഫിക്ഷൻ, The Isle, അഡ്രസ് അൺനോൺ, ബാഡ് ഗയ്, ദി കോസ്റ്റ് ഗാർഡ്, ദി ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

മലയാളികളുടെയും ഇഷ്ട സംവിധായകനാണ് കിം കി ഡുക്ക്. തിരുവന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ കിം കി ഡുക്ക് സിനിമകൾക്ക് വരവേൽപ്പാണ് ലഭിച്ചിരുന്നത്. മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഐഎഫ്എഫ്കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് ഉണ്ടായിരുന്നു. മലയാളി സിനിമാസ്വാദകരുടെ രുചിമുകുളങ്ങള്‍ക്ക് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ചേര്‍ന്ന സംവിധായകനായിരുന്നു അദ്ദേഹം. റെട്രോസ്പെക്ടീവ് നടന്ന വര്‍ഷം ആസ്വാദകരുടെ കുത്തൊഴുക്ക് കാരണം പല ചിത്രങ്ങളും പുനപ്രദര്‍ശനങ്ങള്‍ നടത്തേണ്ടതായും വന്നു. മലയാളികളുടെ സ്നേഹം നേരിട്ടുകാണാന്‍ ഒരുതവണ ഐഎഫ്എഫ്കെയ്ക്ക് അദ്ദേഹം നേരിട്ടെത്തുകയും സംവദിക്കുകയും ചെയ്തു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അന്തര്‍ദേശീയ സംവിധായകരില്‍ ഒരാളാണ് വിടവാങ്ങുന്നത്.

https://youtu.be/2v-_Uhuqw20

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram