മലയാള സിനിമയിലെ ഓൾ റൗണ്ടർ ആണിന്നു വിനീത് ശ്രീനിവാസൻ. നടനും രചയിതാവും ഗായകനും നിർമ്മാതാവും സംവിധായകനുമായി വിനീത് പ്രേക്ഷകരുടെ പ്രിയതാരമായി മാറി കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ അച്ഛനും നടനും രചയിതാവുമായ ശ്രീനിവാസനോടൊപ്പം ചേർന്ന് ഏറ്റവും മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നടൻ ആണ് മോഹൻലാൽ. ഈ കൂട്ടുകെട്ടിനൊപ്പം സത്യൻ അന്തിക്കാടും പ്രിയദർശനും കമലും എല്ലാം ചേർന്ന് നമ്മുക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒട്ടേറെ മനോഹര ചിത്രങ്ങൾ ആണ് . തന്റെ അച്ഛനേയും ലാലേട്ടനേയും ഒരുമിപ്പിച്ചു ഒരു ചിത്രം ഒരുക്കുക എന്നത് വിനീത് ശ്രീനിവാസന്റെയും സ്വപ്നമാണ്. അതിനുള്ള ആലോചനകൾ എപ്പോഴും ഉണ്ട് എന്നും വിനീത് പറയുന്നു.
വിനീത് ശ്രീനിവാസനോട് തനിക്കു ഏറ്റവും ഇഷ്ടമുള്ള അഞ്ചു മോഹൻലാൽ ചിത്രങ്ങൾ ചോദിക്കുമ്പോൾ വിനീത് പറയുന്നത് ഈ അഞ്ചു ചിത്രങ്ങൾ ആണ്, ടി പി ബാലഗോപാലൻ എം എ, ദേവാസുരം, പട്ടണ പ്രവേശം, കിരീടം, ലാൽ സലാം. ഇതിൽ ടി പി ബാലഗോപാലൻ എം എ , പട്ടണ പ്രവേശം എന്നീ ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയവ ആണ്. മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്ത ചിത്രമാണ് ടി പി ബാലഗോപാലൻ എം എ എങ്കിൽ സൂപ്പർ ഹിറ്റായി മാറിയ നാടോടിക്കാറ്റ് എന്ന മോഹൻലാൽ- ശ്രീനിവാസൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പട്ടണ പ്രവേശം. ഈ ചിത്രവും സൂപ്പർ ഹിറ്റായിരുന്നു.
ഐ വി ശശി- രഞ്ജിത് ടീം ഒരുക്കിയ ദേവാസുരം മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നും ക്ലാസ്സിക്കുകളിൽ ഒന്നുമാണെങ്കിൽ കിരീടം, ലാൽ സലാം എന്നീ ചിത്രങ്ങളും അതുപോലെ തന്നെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്ത ചിത്രങ്ങൾ ആണ്. മോഹൻലാൽ- സിബി മലയിൽ- ലോഹിത ദാസ് കൂട്ടുകെട്ടിൽ ആണ് കിരീടം ഒരുങ്ങിയത് എങ്കിൽ, മോഹൻലാൽ- വേണു നാഗവള്ളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ലാൽ സലാം. കിരീടത്തിലൂടെ ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മോഹൻലാൽ ലാൽ സലാം എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ കയ്യടി നേടി. ഇനി ഒരു മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം സംഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.