സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകൾ സിനിമാപ്രദർശനത്തിനൊരുങ്ങുകയാണ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ സിനിമാപ്രദർശനം ആരംഭിക്കും.
ആശങ്ക ഒഴിവാക്കി കാണികളെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. പ്രത്യേകമൊരുക്കിയ സ്ക്രീനിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിമുതലാണ് പ്രദർശനം. ആദ്യം പ്രദർശിപ്പിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ. ത്രീ ഡി സിനിമ കാണാൻ കാണികൾക്ക് കണ്ണടയും കൊടുക്കും. 100 രൂപ ടിക്കറ്റ് നിരക്കോടുകൂടി 200 പേർക്കാണ് പ്രവേശനം.