തെന്നിന്ത്യയിലാകെ വലിയ ചലനമുണ്ടാക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘കെജിഎഫ്’.
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ‘കെജിഎഫ്’ ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം കേരളത്തിലെത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എല്ലാവരെയും പോലെ കെജിഎഫിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
ലൂസിഫര്‍ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കള്‍ തന്നെ സമീപിക്കുന്നത്. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്’, എന്ന് പൃഥ്വിരാജ് കുറിച്ചു.
യഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.