ഇന്ത്യക്കു അകത്തും പുറത്തും തരംഗമായി മാറി ദൃശ്യം 2 ; ‘ദൃശ്യം 2’ കണ്ട ആവേശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിൻ

പാന്‍-ഇന്ത്യന്‍ തലത്തില്‍ ‘ദൃശ്യ’ത്തെപ്പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാളസിനിമ ഉണ്ടാവില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളാണ് ഈ ചിത്രത്തെ ഒരു ഇന്ത്യന്‍ ഹിറ്റ് ആക്കി മാറ്റിയത്. മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാഷാ അതിര്‍ത്തികള്‍ കടന്ന് വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാംഭാഗം ആയതിനാല്‍ ‘ദൃശ്യം 2’നുവേണ്ടിയുള്ള കാത്തിരിപ്പ് മലയാളികളിലേക്ക് ചുരുങ്ങിയില്ല. സബ് ടൈറ്റിലോടെ ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയതോടെ മലയാളം ഒറിജിനല്‍ റിലീസ് ദിവസം തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കും കാണാനുമായി. റിലീസ് ദിനം മുതല്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആവുന്നത് ദൃശ്യം 2 കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍റെ അഭിപ്രായമാണ്.

ദൃശ്യം 2 കണ്ട് ആവേശത്തോടെയാണ് അശ്വിന്‍റെ പ്രതികരണം. “ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം”, അശ്വിന്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ 13,000ത്തിലേറെ ലൈക്കുകളും 1700ല്‍ അധികം ഷെയറുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അഞ്ഞൂറിലേറെ കമന്‍റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും ദൃശ്യം 2നെ കുറിച്ചും സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യം 2 വളരെ ഇഷ്‍ടപ്പെട്ടു. ദൃശ്യം മൂന്ന് വേണമെന്നും സിനിമയിലെ മോഹൻലാലിന്റെ ആദ്യത്തെ സീനിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുവെന്നാണ് എൻ എസ് മാധവൻ പറയുന്നത്.

ആദ്യ ഭാഗത്തുണ്ടായ മീന, അൻസിബ, എസ്‍തര്‍, സിദ്ധിഖ്, ആശാ ശരത് തുടങ്ങിയവര്‍ക്ക് പുറമേ മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram