മലയാളത്തിന്റെ സ്വന്തം ജയന്‍ വിടവാങ്ങിയിട്ട് 40 വര്‍ഷം

മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ അപകടത്തില്‍ മരിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുന്നു. ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിലായിരുന്നു ജയന്റെ ദാരുണമായ അന്ത്യം. ജയന്‍ സിനിമയെയും സിനിമ ജയനെയും വളരെയധികം സ്‌നേഹിച്ചിരുന്നു. വേഷത്തിലും ഭാവത്തിലും ജയനെ പോലെ മലയാളികളെ സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല.

കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം മരിച്ചത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ വിമാനം തകര്‍ന്നു വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് ശേഷം കോളിളക്കം തിയറ്ററുകളിലെത്തുകയും ചിത്രം വന്‍ വിജയമായി തീരുകയും ചെയ്തു.

എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍. മലയാളികളുടെ പൗരുഷ ചിഹ്നങ്ങളില്‍ ജയനുള്ള സ്ഥാനം ഒന്നാമതാണ്. 120ല്‍ അധികം സിനിമകളിലാണ് ജയന്‍ അഭിനയിച്ചത്. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു ജയന്റെ യഥാര്‍ത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് ജയന്‍ എന്ന പേര് സ്വീകരിച്ചത്. നാവികസേനയിലെ ഉദ്യോഗത്തില്‍ നിന്നാണ് ജയന്‍ അഭ്രപാളികളിലെത്തിയത്.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്‍ ജനിച്ചത്. സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരക്കര മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവന്‍പിള്ളയാണ് പിതാവ്. ഓലയില്‍ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. ശാപമോക്ഷമാണ് ആദ്യ ചിത്രം.

പിന്നീട് അവസരങ്ങള്‍ ജയനെ തേടിയെത്തി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. പഞ്ചപാണ്ഡവര്‍ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ശരപഞ്ചരം, മൂര്‍ഖന്‍, മനുഷ്യമൃഗം, ഗര്‍ജ്ജനം അങ്ങനെ ജയന്‍ അവിസ്മരണീയമാക്കിയ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. കേവലം ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളത്തിലെ അതുല്യ നടനായി അദ്ദേഹം മാറിയെന്നതില്‍ നിന്ന് തന്നെ ആ പ്രതിഭയുടെ തിളക്കം മനസിലാക്കാം.

മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ തിയറ്ററിലെത്തിയ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയത്.

https://youtu.be/XOlHEzySi6U

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram