ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മണി രത്‌നം. ഇന്ത്യൻ സിനിമയിലെ ഒട്ടു മിക്ക മികച്ച നടന്മാരേയും വെച്ച് സിനിമകൾ ചെയ്തിട്ടുള്ള മണി രത്‌നത്തിന്റെ ഏറ്റവും പ്രീയപ്പെട്ട രണ്ടു നടൻമാർ ആണ് മലയാളത്തിന്റെ താര ചക്രവർത്തിയായ കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴകത്തിന്റെ ഉലക നായകൻ കമൽ ഹാസനും. മലയാളത്തിൽ ഒരേ ഒരു ചിത്രം മാത്രം സംവിധാനം ചെയ്ത മണി രത്‌നത്തിന്റെ ഉണരൂ എന്ന ആ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. അതിനു ശേഷം മോഹൻലാലിനെ നായകനാക്കി മണി രത്‌നം തമിഴിൽ ഒരുക്കിയ ചിത്രമാണ് ഇരുവർ. ഇന്നും മണി രത്‌നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഇരുവർ വിലയിരുത്തപ്പെടുന്നത്.
ഇരുവറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ സമയത്തു മണി രത്‌നം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ പ്രശസ്തമാണ്. “മോഹൻലാൽ എന്റെ പ്രീയപ്പെട്ട നടൻ ആണെങ്കിലും അദ്ദേഹത്തെ വെച്ച് ഞാൻ ഇനി ഇനി സിനിമ ചെയ്യില്ല. കാരണം മോഹൻലാൽ അഭിനയിക്കുമ്പോൾ ഞാൻ പലപ്പോഴും കട്ട് പറയാൻ മറന്നു പോകുന്നു.
അദ്ദേഹത്തിന്റെ അഭിനയം കണ്ടു നിന്ന് പോകുന്നു”. ഈ വാക്കുകൾ ആയിരുന്നു ഇന്ത്യൻ സിനിമയിൽ ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് പറയാം. കമൽ ഹാസനെ വെച്ചും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ മണി ര്തനത്തോട് രണ്ടു വർഷം മുൻപ് പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ഒരു അഭിമുഖത്തിൽ ചോദിച്ചത്, കമൽ ഹാസൻ അല്ലെങ്കിൽ മോഹൻലാൽ ഇവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ എടുക്കും എന്നാണ്.
ഇതിനു മണി രത്‌നം പറയുന്ന ഉത്തരം താൻ രണ്ടു പേരെയും എടുക്കും എന്നാണ്. ഇളയ രാജയേയും എ ആർ റഹ്മാനെയും മുന്നിൽ നിർത്തി ഇതിൽ ആരെ വേണം എന്ന് ചോദിച്ചാലും രണ്ടു പേരേയും വേണം എന്ന് പറയുന്നത് പോലെ ആണ് ഇതെന്നും മണി രത്‌നം പറയുന്നു.
അത്ര ഗംഭീര നടൻ ആണ് മോഹൻലാൽ എന്നും ഏതൊരു സംവിധായകന്റെയും സ്വപ്നം ആണ് മോഹൻലാൽ, കമൽ ഹാസൻ പോലത്തെ നടന്മാരെ കിട്ടുക എന്നും മണി രത്‌നം കൂട്ടിച്ചേർക്കുന്നു. മോഹൻലാലിൻറെ അഭിനയത്തിലെ അനായാസത ആണ് തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് എന്നും മണി രത്‌നം പറയുന്നു.