
ലോകത്തിലെ ഏറ്റവും പ്രതിസന്ധി നേരിടുന്ന അഭയാര്‍ത്ഥി സമൂഹമായ റോഹിങ്ക്യന്‍
അഭയാര്‍ത്ഥികളുടെ ജീവിപശ്ചാത്തലം പ്രമേയമാക്കി ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സിനിമയായ കാറ്റ് കടല്‍ അതിരുകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആഗസ്റ്റ് 19ന് മുഹറം നാളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ.കെ. നിര്‍മ്മിച്ച് സമദ് മങ്കടയാണ് കാറ്റ് കടല്‍ അതിരുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
അഭയാര്‍ത്ഥി ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു പുറമെ, തിബറ്റന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥയും പ്രതിപാദിക്കുന്ന ചിത്രത്തില്‍ തിബറ്റന്‍ അഭയാര്‍ത്ഥികളായി വേഷമിട്ടിരിക്കുന്നത് യഥാര്‍ത്ഥ അഭയാര്‍ത്ഥിജീവിതം നയിക്കുന്നവര്‍തന്നെയാണ്. ധാവോ ലാമോ എന്ന ബൈലെക്കുപ്പെയിലെ തിബറ്റന്‍ അഭയാര്‍ത്ഥി അതേപേരില്‍ത്തന്നെ ഈ ചിത്രത്തില്‍ പ്രധാന നായികാവേഷം ചെയ്യുന്നു. അനുമോഹന്‍, ലിയോണ ലിഷോയ്, കൈലാഷ്, അനില്‍ മുരളി, ശരണ്‍, രമാദേവി, ഡോ. വേണുഗോപാല്‍, എന്‍.പി. നിസ, ഷാനവാസ് തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ചിത്രത്തിലുണ്ട്.

പൗരത്വപ്രശ്‌നവും അഭയാര്‍ത്ഥിപ്രശ്‌നവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ലഭിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് നേരിട്ടിട്ടുള്ളത്. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിരീക്ഷണത്തിനൊടുവിലാണ് അനുമതി ലഭിച്ചത്. വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കും എന്ന കാരണം പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡുകളുടെ നടപടിയുണ്ടായത്.
കേരളത്തിനുപുറമെ, കര്‍ണ്ണാടകയിലെ ബൈലെക്കുപ്പെ, സിക്കിമിലെ ഗ്യാങ്‌ടോക്ക്, ഗുരുദോക്മാര്‍, ഹിമാചല്‍ പ്രദേശിലെ മഗ്ലിയോഡ്ഗഞ്ച്, മണാലി, ധരംശാല, ഡല്‍ഹിയിലെ അഭയാര്‍ത്ഥി കോളനികള്‍ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്.
ഒരു ട്രാവല്‍ മൂവിയുടെ സ്വഭാവത്തിലുള്ള ചിത്രത്തില്‍ രണ്ടുപേരുടെ യാത്രകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ബുദ്ധിസം അറിയുന്നതിനായുള്ള ജിയോ ക്രിസ്റ്റി എന്ന യുവാവിന്റെ യാത്രയും, റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയുടെ കുടുംബങ്ങളെ തേടിയുള്ള ആബിദ ഹസ്സന്‍ എന്ന മാധ്യമപ്രവര്‍ത്തകയുടെ യാത്രയും. ഇതിനിടയില്‍ പലായനം ചെയ്യപ്പെടുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളിലൂടെയും യാത്ര ചെയ്യുന്നു കാറ്റ് കടല്‍ അതിരുകള്‍. ഈ യാത്രയിൽ ലാവോ ധാ മോ എന്ന തിബറ്റൻ അഭയാർത്ഥിയും ജിയോ ക്രിസ്റ്റിയും തമ്മിലുള്ള നിസ്സീമമായ പ്രണയത്തിൻ്റെ യാത്രയും ഉൾച്ചേരുന്നു. പ്രണയത്തിൻ്റെ വിവിധ വഴിത്താരകൾ ഈ യാത്രയിൽ കാണാം.
എസ്. ശരതിന്റെ കഥയ്ക്ക് കെ. സജിമോനാണ് തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത്. അന്‍സര്‍ ആഷ് തൊയിബ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: വിപിന്‍ മണ്ണൂര്‍, സംഗീതം: റോണി റാഫേല്‍, ശബ്ദമിശ്രണം: ബോണി എം. ജോയ്. പ്രൊഡക്ഷൻ കൺട്രോളർ: സേതു അടൂർ.