സൗഹൃദത്തിന്റെ ‘കൊട്ടക’; പ്രേക്ഷക ഹൃദയം കവര്‍ന്ന മലയാളത്തിലെ 10 സിനിമകള്‍

സൗഹൃദത്തിന്‍റെ കുളിരുമായി എത്തി പ്രേക്ഷക മനസുകളിലെ സ്വീകരണ മുറിയില്‍ കസേര വലിച്ചിട്ടിരിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. 1980കള്‍ മുതലാണ് മലയാള തിരശീലയില്‍ ശക്തമായ സൗഹൃദങ്ങള്‍ മുഖ്യ കഥാതന്തുവായി എത്താന്‍ തുടങ്ങിയത്. തീവ്ര സൗഹൃദം പറഞ്ഞ മലയാള സിനിമകളുടെ നീണ്ട നിരയില്‍ കുറച്ച്‌ സിനിമകളാണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്. സൗഹൃദവും തമാശയും ഇടകലര്‍ന്ന എണ്‍പതുകള്‍ക്ക് ശേഷമുള്ള സിനിമകളിലേക്കൊരു എത്തിനോട്ടമാണ് ഇവിടെ.

1.നാടോടിക്കാറ്റ്🍁

മലയാളികളുടെ പ്രീയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ നാടോടിക്കാറ്റിന് പ്രത്യേകമായൊരിടമുണ്ട്. സത്യന്‍ അന്തിക്കാട്,മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന നാടോടിക്കാറ്റ് മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ എന്നും മുന്‍പന്തിയിലാണ്.

1987-ല്‍ പുറത്തിറങ്ങിയ ചിത്രം ദാസന്റെയും വിജയന്റെയും സൗഹൃദത്തിലൂന്നിയുള്ള കഥയാണ് പറയുന്നത്. ദാസനായി മോഹന്‍ ലാലും വിജയനായി ശ്രീനിവാസനും എത്തിയപ്പോള്‍ സൗഹൃദത്തിന്റെ ഹൃദയ സ്പര്‍ശിയായ ഓരേട് പിറന്നു. ഇവരുടെ സൗഹൃദ ബന്ധം പലപ്പോഴും പിരിമുറുക്കം നിറഞ്ഞതാണ്. താന്‍ അല്പസ്വല്പം കാണാന്‍ ചന്തമുള്ളവനും ബി.കോം. ബിരുദധാരിയുമായതിനാല്‍ ദാസന്‍ സ്വയം പുലര്‍ത്തുന്ന മേല്‍കൈ വിജയനെ പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നത് ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

2.ഇന്‍ ഹരിഹര്‍ നഗര്‍🍁

1990ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. സൗഹൃദ സിനിമകളില്‍
മലയാളികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രമാണിത്. മുകേഷ്,സിദ്ദിഖ്, അശോകന്‍, ജഗദീഷ് എന്നിവര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. മഹാദേവനായി മുകേഷും, ഗോവിന്ദന്‍ കുട്ടിയായി സിദ്ദിഖും, അപ്പുക്കുട്ടനായി ജഗദീഷും,
തോമസ്സുകുട്ടിയായി അശോകനും എത്തിയ ചിത്രം രസകരമായ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇവരുടെ നാലുപേരുടെയും കഥ പറയുന്ന ചിത്രത്തില്‍ അപ്പുക്കുട്ടന്‍ ഇവരുടെ പൊട്ടത്തരം മാത്രം പറയുന്ന സുഹൃത്താണ്. നാലുപേരുടെയും നിഷ്‌കളങ്കമായ സൗഹൃദം പറയുന്ന ചിത്രത്തിലെ ഏതുപ്രശ്നത്തിലും ഓരുപോലെ ഇടപെടുന്ന ഉത്തമരായ സുഹൃത്തുക്കളെയാണ് കാട്ടിതരുന്നത്.

3.ഹരി കൃഷ്ണന്‍സ്🍁

മമ്മൂട്ടിയും മോഹന്‍ലാലും തുല്യവേഷത്തിലഭിനയിച്ച മികച്ച സൗഹൃദ ചിത്രങ്ങളിലൊന്നാണ് ഹരി കൃഷ്ണന്‍സ്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അന്നത്തെ താര സുന്ദരിയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതുമായ ജൂഹി ചൗളയായിരുന്നു ഇവരുടെ നായികയായെത്തിയത്. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഹരിയുടെയും കൃഷ്ണന്റെയും സുഹൃദ് ബന്ധവും ഇരുവരുടെയും സ്വയം പുകഴ്ത്തലുമൊക്കെ സൗഹൃദത്തില്‍ രസകരമായ ഭാഗങ്ങളായി. ഒരു നായികയ്ക്ക് വേണ്ടി പ്രശസ്തരായ ഹരി വക്കിലും [മമ്മൂട്ടി] കൃഷ്ണന്‍ [മോഹന്‍ലാല്‍] വക്കീലും നടത്തുന്ന കേസ് അന്വേഷണവും അതിനിടയില്‍ വരുന്ന സൌഹൃദവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നായികയായി ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഈ ചിത്രം കാണുന്ന ആരാധകര്‍ക്കുണ്ടായിരുന്ന ആശങ്ക. ഒടുക്കം സൗഹൃദത്തിന് കോട്ടം തട്ടാതെ നായിക ആദ്യം സുഹൃത്തിനെ തിരഞ്ഞെടുക്കുകയും സുഹൃത്ത് നായികയുട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നു എന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. എന്നാല്‍ ആരും നായികയെ കല്ല്യാണം കഴിക്കുന്നില്ല. രണ്ടു നായകന്മാരും ഒരേ നായികയ്ക്കുവേണ്ടി ഒരിക്കലും ഗൗരവമായ രീതിയില്‍ ചിത്രത്തില്‍ അടികൂടുന്നില്ല

4.ഫ്രണ്ട്സ്🍁

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1999ല്‍ പിറന്ന മറ്റൊരു സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ് ഫ്രണ്ട്സ്. ജയറാം അരവിന്ദനായും, മുകേഷ് ചന്തുവായും, ശ്രീനിവാസന്‍ ചക്കച്ചാംപറമ്ബില്‍ ജോയിയും ആയി എത്തുന്ന ചിത്രത്തിലൂടെ സൗഹൃദത്തിന് മുന്നില്‍ വലുപ്പ ചെറുപ്പങ്ങളില്ലെന്ന് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.ജോയി എന്ന കഥാപാത്രം മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കഥാപാത്രമാണ്. ചങ്ങാതിയോടുള്ള സ്നേഹത്തിന് മുന്നില്‍ പ്രണയം പോലും ത്യജിക്കുന്ന സുഹൃത്തിനെയാണ് ചന്തുവിലൂടെ കാണാന്‍ കഴിയുന്നത്.

5:ദോസ്ത് 🍁

തുളസീദാസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ചാക്കോ ബോബനും ദിലീപും കാവ്യമാധവുനും ഒരുമിച്ചെത്തിയ ദോസ്ത് എന്ന ചിത്രം. വിജയുടെയും കാര്‍ത്തിക്കിന്റെയും സൗഹൃദം പറയുന്ന ചിത്രമാണ് ദോസ്ത്. എന്നും നായികയായി എത്തുന്ന കാവ്യമാധവന്‍ ദിലീപിന്റെ അനിയത്തിയായി എത്തുത്ത ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഉണ്ട്. ദിലീപിന്റെ അജിത് എന്ന കഥാപാത്രം അനിയത്തിയായ ഗീതുവിനെ തന്റെ ജീവനെക്കാള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ വിജയ് എന്ന കഥാപാത്രം ഗീതുവിനെ പ്രണയിക്കുന്നുണ്ട്. എന്നാല്‍ തന്റെ സുഹൃത്തിന്റെ അനിയത്തിയാണ് ഗീതുവെന്നറിഞ്ഞപ്പോള്‍ സൗഹൃദത്തിന് വേണ്ടി പ്രണയം പോലും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന വിജയ് എന്ന കൂട്ടുകാരനെയാണ് ചിത്രത്തില്‍ കാണുന്നത്. ആത്മാര്‍ത്ത സൗഹൃദം കാത്തസൂക്ഷിക്കാന്‍ സ്വന്തം സുഖം വേണ്ടെന്നുവെയ്ക്കുന്ന യഥാര്‍ത്ഥ സുഹൃത്തുക്കള്‍.

6: സ്വപ്‌നക്കൂട്🍁

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ജയസൂര്യയും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ പ്രമേയം തന്നെ സൗഹൃദമാണ്. കമലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രം 2003ലാണ് പുറത്തിറങ്ങിയത്. മീര ജാസ്മിനും ഭാവനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ചിത്രത്തില്‍ കുഞ്ഞൂഞ്ഞായി പൃഥ്വിയും, ദീപുവായി ചാക്കോച്ചനും, അഷ്ടമൂര്‍ത്തിയായി ജയസൂര്യയും വേഷമിട്ടു. ഈ മൂന്നു കൂട്ടുകാരും ഉന്നത വിദ്യാഭ്യാസത്തിനായി പോണ്ടിച്ചേരിയില്‍ എത്തുന്നതും അവിടെ നിന്നുള്ള അവരുടെ സൗഹൃദം പങ്കുവെയ്ക്കലുമാണ് സിനിമ. ദീപുവും കുഞ്ഞൂഞ്ഞും മീരജാസ്മിന്‍ അവതരിപ്പിച്ച കമല എന്ന കഥാപാത്രത്തെ പ്രണയിക്കുന്നു. എന്നാല്‍ പ്രണയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരനായ ദീപു കുഞ്ഞൂഞ്ഞിന് കമലയെ വിട്ടുകൊടുക്കുകയാണ്.

7: ക്ലാസ്‌മേറ്റ്‌സ്🍁

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച എക്കാലത്തെയും മികച്ച സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ ആണ് ചിത്രം തീയേറ്ററുകളിലെത്തിയത്. സൗഹൃദവും പ്രണയവും ഇഴുകിചേര്‍ന്ന സിനിമ. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരനിരകള്‍ അണി നിരന്ന ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. കാവ്യയും പൃഥ്വിയും തമ്മിലുള്ള പ്രണയത്തെക്കാള്‍ ഉപരി പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങി നിന്നത് പൃഥ്വിയും ഇന്ദ്രജിത്തും തമ്മിലുള്ള സൗഹൃദമാണ്. ചിത്രം 90കളിലെ ക്യാമ്ബസുകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒപ്പത്തിനൊപ്പം നിന്ന പഴയകാലത്തേക്കുളള തിരിച്ചുപോക്കായിരുന്നു ചിത്രത്തിലൂടെ.

8: മലര്‍വാടി ആര്‍ട്‌സ് ക്ലബ്🍁

2010ല്‍ പുറത്തിറങ്ങിയ അഗാധമായ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ഒരു കൂട്ടം നവാഗതര്‍ അണിനിരന്ന ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചത് വിനീത് ശ്രീനിവാസനാണ്. നിവിന്‍ പോളി നായകനായ ആദ്യത്തെ സിനിമയും വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും കൂടിയാണിത്. ഗ്രാമത്തിലെ അഞ്ച് ചെറുപ്പക്കാരുടെ സൗഹൃദം പറയുന്ന ഈ ചിത്രം സൗഹൃദ ചിത്രങ്ങളുടെ പട്ടികയില്‍ എന്നും മുന്‍ നിരയില്‍ നിര്‍ത്താവുന്ന ചിത്രമാണ്. സിനിമയെക്കാള്‍ ഉപരി ജീവിതത്തിലും ഇവരുടെ സുഹൃത്ത് ബന്ധം ഊട്ടിയുറപ്പിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട് ക്ലബ്.

9: ബാംഗ്ലൂര്‍ ഡെയ്‌സ്🍁

അഞ്ജലി മോനോന്‍ മലയാളികള്‍ക്ക് സമ്മാനിച്ച ന്യൂജെന്‍ സൗഹൃദ സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രം മൂന്നു സുഹൃത്തുക്കളുടെ അതിഗാഢമായ സൗഹൃദമാണ് പറയുന്നത്. മലയാളത്തിലെ യുവ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, നിവിന്‍ പോളിയും, ഫഹദ് ഫാസിലും, നസ്രിയയും, പാര്‍വതിയും ഒക്കെ തകര്‍ത്തഭിനയിച്ച സൗഹൃദ ചിത്രത്തില്‍ പ്രധാനമായും പറയുന്നത് ദുല്‍ഖര്‍, നിവിന്‍ പോളി, നസ്രിയ എന്നിവരുടെ സൗഹൃദമാണ്. കുട്ടനായി നിവിന്‍ പോളിയും, അര്‍ജുനായി ദുല്‍ഖറും, ദിവ്യയായി നസ്രിയയും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. എന്നാല്‍ ഇവര്‍ മൂവരും പിപി, അജു, കുഞ്ഞു എന്നിങ്ങനെയാണ് സുഹൃത്തുക്കള്‍ക്കിടയില്‍. മൂവരും ചിത്രത്തില്‍ കസിന്‍ സുഹൃത്തുക്കളാണ്. ഈ സൗഹൃദ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. മൂവരുടെയും ബാംഗ്ലൂര്‍ കറക്കം പ്രേക്ഷകരെയും ഇവിടേക്ക് കൂട്ടികൊണ്ടുപോകുകയാണ് ചിത്രത്തിലൂടെ. അടുത്ത കാലത്തിറങ്ങിയ മികച്ച സൗഹൃദ മലയാള സിനിമ തന്നെയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്

10: പ്രേമം🍁

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച ചിത്രമാണ് പ്രേമം. നിവിന്‍ പോളി തകര്‍ത്തഭിനയിച്ച ചിത്രമാണിത്. പ്രണയത്തോടൊപ്പം സൗഹൃദത്തിനും അത്രയേറെ പ്രാധാന്യം നല്‍കിയ ചിത്രമാണ് പ്രേമം. സുഹൃത്തുക്കളുടെ ഇടയിലെ തമാശകളെ അത്രയേറെ പ്രകീര്‍ത്തിച്ച സിനിമ. ജോര്‍ജ് എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്.
ശംഭുവും കോയയും ജോര്‍ജും തമ്മിലുള്ള വേര്‍പിരിയാത്ത സുഹൃത്ത് ബന്ധം ചിത്രത്തിന്റെ ഹൈലൈറ്റാണ്. ജോര്‍ജിന്റെ കൂടെ ചിത്രത്തിന്റെ അവസാനം വരെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കോയയും ശംഭുവും ഒപ്പമുണ്ടാകുന്നുണ്ട്.
അതുകൊണ്ട് തന്നെ ചിത്രം പ്രണയത്തേക്കാൾ ഉപരി സൗഹൃദവും പറയുന്നുണ്ടെന്നു പറയുവാൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram