സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ കാരവന്. ജനുവരി രണ്ടിനാകും താരത്തിന്റെ ഗ്യാരേജിലേയ്ക്ക് പുത്തന്‍ അഥിതിയെത്തുക. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്ബറായ KL07 CU 369 നാണ് കാരവാനും നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് മമ്മൂട്ടിയ്ക്ക് വേണ്ടി കാരവാന് തയ്യാറാക്കിയിരിക്കുന്നത്.
ഭാരത്ബെന്‍സിന്റെ ഷാസിയിലാണ് 12 മീറ്റര്‍ നീളമുള്ള വാഹനം തയാറായിട്ടുള്ളത്. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായി സൗണ്ട് പ്രൂഫ് തുടങ്ങിയവ പ്രത്യേകതകളാണ്.തിയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി.വികളാണ് ഉപയോഗിച്ചിട്ടുള്ളത്. ആവശ്യമുള്ളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തിയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം. കിടപ്പുമുറി വാഹനത്തിനു പുറത്തേക്കു നീണ്ടുവരുന്ന രീതിയിലാണുള്ളത്. ആകാശം കാണാനാകുന്ന സജ്ജീകരണവുമുണ്ട്.സാങ്കേതിക തികവുകളോടെ നിര്‍മിച്ച അടുക്കളയില്‍ ഫ്രിഡ്ജ്, ഓവന് തുടങ്ങിയവയുണ്ട്. വെള്ളം മൂന്ന് തലത്തില്‍ ശുദ്ധി ചെയ്താണ് എത്തുക. ഒറ്റ മോള്‍ഡിലുള്ള ബാത്ത്റൂമുണ്ട്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉള്‍പ്പെടെ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്. നീലയും വെള്ളയും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്.
വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും ദ പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വണ്‍. കടയ്ക്കല്‍ ചന്ദ്രന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും ഉടന്‍ ആരംഭിച്ചേക്കും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. ഇതോടെ മമ്മൂട്ടി പൂര്‍ണ്ണമായും വീടിനുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു.