മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ക്യാമറയ്ക്ക് പിറകിലേക്ക് ഒതുങ്ങി ആക്ഷനും കട്ടും പറയും. മറ്റാരുമല്ല സാക്ഷാല്‍ മോഹന്‍ലാല്‍.
ബറോസിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 24 ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കും. ആദ്യ ലൊക്കേഷന്‍ ബ്രണ്ടണ്‍ ബോട്ട് യാര്‍ഡാണ്. 15 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജിനോടൊപ്പം ഷെയ്‌ല മാക്ഫ്രീയും ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല. അദ്ദേഹം പൂര്‍ണ്ണമായും ക്യാമറയ്ക്ക് പിറകിലായിരിക്കും.രണ്ടാം ഷെഡ്യൂള്‍ ഏപ്രില്‍ 7 ന് ഗോവയില്‍ തുടങ്ങത്തക്കവിധമാണ് പ്ലാന്‍ ചെയ്യുന്നത്. അവിടെ 40 ദിവസത്തെ വര്‍ക്കുണ്ട്. ഗോവ ഷെഡ്യൂളില്‍ ലാലും വിദേശ താരങ്ങളും പങ്കെടുക്കുന്ന വലിയ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്. ഗോവന്‍ ഷെഡ്യൂളിന് പിറകെ കേരളത്തിലേയ്ക്ക് തിരിച്ചെത്തും. ഷെഡ്യൂള്‍ ബ്രേക്ക് ഇല്ലാതെയാണ് ബറോസ് പൂര്‍ത്തിയാക്കുന്നത്.
മാര്‍ച്ച് ഒന്ന് മുതല്‍ നാലാം തീയതിവരെ ദീര്‍ഘമായ ചര്‍ച്ചകളാണ് എറണാകുളത്തുള്ള നവോദയ സ്റ്റുഡിയോയില്‍ നടന്നത്. ചര്‍ച്ചയില്‍ മോഹന്‍ലാലിനെ കൂടാതെ തിരക്കഥാകൃത്ത് ജിജോ, ക്യാമറാമാന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, കലാസംവിധായകന്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ടെക്‌നീഷ്യന്‍മാരും താരങ്ങളും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.