മലയാളത്തിലെ എന്നല്ല ലോക സിനിമയുടെ മുഴുവൻ ചരിത്രം എടുത്ത് പരിശോധിച്ചാലും ലാലേട്ടന്റെ കഥാപാത്രങ്ങളോളം പ്രണയ നഷ്ടം സംഭവിച്ച മറ്റാരെയെങ്കിലും ഉണ്ടോയെന്ന് സംശയമാണ്…മരണം,
വില്ലൻ,വിധി, ജീവിത സാഹചര്യങ്ങൾ, സൈക്കോ പ്രിയദർശൻ അങ്ങനെ പ്രണയ സാഫല്യത്തിന് വിലങ്ങു തടിയായ എന്തെല്ലാം കാരണങ്ങൾ…ലാലേട്ടന്റെ പല പടങ്ങളും ടിവിയിൽ വരുമ്പോൾ ആസ്വദിച്ച് കണ്ടിട്ട് ക്ലൈമാക്സ് ആകുമ്പോഴേക്കും ടിവി ഓഫ് ചെയ്യുന്നവരും കുറവല്ല…നല്ല കനമുള്ള പാറക്കല്ല് എടുത്ത് നമ്മുടെ നെഞ്ചിലേക്ക് ഇട്ട് തന്ന ലാലേട്ടന്റെ പ്രണയ നഷ്ട്ടങ്ങളിലേക്ക് ഒരെത്തി നോട്ടം…. പരാമർശിച്ച സിനിമകൾ കാണാത്ത മലയാളികളുണ്ടോ എന്ന് സംശയമാണ്..
എന്നാലും കട്ട ചുവപ്പ് സ്പോയ്ലർ അലേർട്ട് 🚫🚫🚫
ബാലചന്ദ്രനും നന്ദിനിയും
പക്ഷെ
ബാലചന്ദ്രനും നന്ദിനിയും♥️
മറ്റൊന്നിന് വേണ്ടിയും സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടെന്ന് വെക്കരുത്..അഥവാ വേണ്ടെന്ന് വെച്ചാലും അതിനെ കുറിച്ചുള്ള നേരിയ ഓർമ്മ പോലും മനസ്സിൽ അവശേഷിപ്പിക്കാൻ പാടില്ല…ബാലചന്ദ്രനും നന്ദിനിയും പഠിപ്പിച്ച പാഠം…
ഇരു വീട്ടുകാരും ചെറുപ്പം മുതലേ കൊടുത്ത ലേണേഴ്‌സ് ലൈസൻസ് കൈവശം വെച്ച് പ്രണയിച്ചവർ…’പക്ഷെ’ കുന്നോളം കണ്ട് കൂട്ടിയ സ്വപ്ങ്ങളെല്ലാം മനസ്സിൽ തന്നെ കുഴിച്ചു മൂടാനായിരുന്നു വിധി…നന്ദിനിയുടെ കൂടി നിർബന്ധത്തിന് വഴങ്ങി സാമ്പത്തിക
ഭദ്രതയില്ലാത്ത സ്വന്തം കുടുംബത്തിന് വേണ്ടി സ്വയം ബലിമൃഗമായി ബാലൻ മറ്റൊരു വിവാഹം കഴിച്ചു…ദുരന്ത ദാമ്പത്യത്തിന്റെ 10 വർഷങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് കടന്ന് പോയത്…അവസാനം ക്ഷമയുടെ നെല്ലിപ്പലകയും ദ്രവിച്ചപ്പോൾ ആ തടവറ ഭേദിച്ച് ബാലൻ പറന്നു… ബീച്ച് റിസോർട്ടിൽ ഈനാശുവും നാണപ്പനുമായുള്ള കുറച്ച് ദിവസങ്ങൾ ബാലൻ എല്ലാം മറന്ന് ജീവിച്ചു..അപ്പോഴാണ് യാദൃശ്ചികമായുള്ള നന്ദിനിയുടെ വരവ്..അവിവാഹിതയായി തുടരുന്ന നന്ദിനി ഇന്ന് ലോകം അറിയുന്ന എഴുത്തുകാരിയാണ്…കാലം ഒരുക്കിയ സംഗമ വേദിയിൽ പഴയ സ്വപ്ങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു തുടങ്ങി ..അവർ പഴയ ബാലനും നന്ദിനിക്കുട്ടിയുമായി മാറാൻ തുടങ്ങുകയായിരുന്നു…’പക്ഷെ’ വിധി വീണ്ടും അവർക്ക് വിലങ്ങു തടി തീർത്തു…അറുത്തു മാറ്റാൻ സാധിക്കാത്ത ബന്ധുത്വത്തിന്റെ ചങ്ങല കണ്ണികൾ ബാലനെ തേടി വീണ്ടുമെത്തി…പറ്റിയ തെറ്റുകൾക്ക് വിക്രമൻ കോൺട്രാക്ടറുടെ മകൾ കാലു പിടിച്ച് മാപ്പ് പറഞ്ഞപ്പോൾ ബാലന് നന്ദിനിയെ കൈവിടുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു…ഒന്നുറക്കെ പൊട്ടിക്കരയാൻ പോലും സാധിക്കാത്ത ബാലനെ കഴിയുന്നത്ര സംയമനത്തോടെ നന്ദിനി ആശ്വസിപ്പിച്ചു..ബാലന്റെ വിവാഹ ദിവസത്തെയെന്ന പോലെ അയാളുടെ കാർ മറ്റൊരു ലോകത്തേക്ക് യാത്രയാവുന്നതിന് നന്ദിനി വീണ്ടും സാക്ഷ്യം വഹിക്കുന്നു…
ബാലന്റെയും നന്ദിനിയുടെയും നിറ കണ്ണുകളോടൊപ്പം പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ പ്രേക്ഷക ഹൃദയം രണ്ടായി പിളർന്ന് അകന്ന് മാറി ഇരിപ്പുറപ്പിക്കുന്നു….
വന്ദനം
ഉണ്ണികൃഷ്ണനും ഗാഥയും ♥️
നായകനെയും നായികയെയും പരമാവധി പ്രേക്ഷകനോട് ഇഷ്ട്ടം കൂടാൻ വിട്ട് കൊടുക്കുക..അങ്ങനെ വർത്താനം പറഞ്ഞും കളിച്ചും ചിരിച്ചും ഇഷ്ട്ടം മൂത്ത് അങ്ങനെ ഇരിക്കുമ്പോൾ കാണുന്നവന്റെ തലക്കിട്ട് മിന്നായം പോലെ ഒരടി..അതാണ് പല പ്രിയദർശൻ സിനിമകളുടെയും ക്ലൈമാക്സ്..അങ്ങനെ പ്രീയൻ പ്രേക്ഷകന്റെ നെറുകും തല നോക്കി പ്രഹരിച്ച സിനിമയാണ് വന്ദനം..
“എങ്കിലേ എന്നോട് പറ ഐ ലവ് യൂ ന്ന്”…
അതിന് മുൻപോ ശേഷമോ ഇതിലും ക്യൂട്ട് പ്രപ്പോസൽ മലയാളി കണ്ടിട്ടില്ല എന്നുറപ്പിച്ചു പറയാം…എന്നാലും എന്റെ ഉണ്ണീ, ട്രാഫിക് സിഗ്‌നലിൽ ഒന്ന് തല ചെരിച്ചു നോക്കിയിരുന്നെങ്കിൽ പ്രീയപ്പെട്ട ഗാഥയെ കണ്ട് മുട്ടമായിരുന്നല്ലോ….ഇന്റർനെറ്റ് സജീവമായ ഭാവി കാലത്തെപ്പോഴെങ്കിലും അവർ ഒന്ന് ചേർന്നിരിക്കാം എന്ന് വ്യഥാ പ്രതീക്ഷ വെക്കാനേ തരമുള്ളൂ..എന്തായാലും ഉണ്ണിയേയും ഗാഥയേയും വേർപിരിച്ച സൈക്കോ പ്രിയദർശന് മലയാളികൾ ജന്മത്ത് മാപ്പ് തരാൻ പോകുന്നില്ല…
മനുഷ്യനെ അത്രയും ശല്യം ചെയ്യുന്ന സഹിക്കാൻ പറ്റാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് എങ്കിലും തനിക്ക് ഒഴിവാക്കാമായിരുന്നു…
ചിത്രം
വിഷ്ണുവും കല്യാണിയും ♥️
“സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു..അതോണ്ട് ചോദിക്കുകയാ..
എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ (ബിജിഎം) ഇല്ല അല്ലേ (ചിരി) സാരുല്ല”…
സ്വന്തം ഭാര്യയെ കുത്തിക്കൊന്ന നിസാര കുറ്റത്തിനാണോ പാവം വിഷ്ണുവിനെ തൂക്കി കൊല്ലാൻ കൊണ്ട് പോകുന്നത് എന്ന നിഷ്ക്കളങ്ക ചോദ്യം നമ്മൾ ചോദിച്ചു പോകുന്നിടത്താണ് ഈ സിനിമയുടെയും കഥാപാത്രത്തിൻെറയും വിജയം…പതിവ് കള്ളച്ചിരിയും ചിരിച്ച് വിരല് മടക്കി ഫോട്ടോയെടുത്ത് പോലീസ് ജീപ്പിന് പിറകിൽ കയറി വിഷ്ണു ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്നാകാൻ യാത്രയാകുമ്പോൾ പൊട്ടിത്തകർന്ന് നിൽക്കുന്ന കല്യാണിയും നമ്മളും..
കിരീടം
സേതുവും ദേവിയും ♥️
ജീവിതം എന്ന ചതുരംഗ കളിയിൽ സേതുമാധവന്റെ എതിരാളി സാക്ഷാൽ ദൈവം തന്നെ ആയിരുന്നു…ദൈവത്തിന്റെ കരുനീക്കങ്ങളിൽ പകച്ച് ജീവിതം കൈവിട്ട് പോകുന്നത് നോക്കി നിൽക്കാനേ സേതുവെന്ന പാവം മനുഷ്യജന്മത്തിന് സാധിക്കുന്നുള്ളൂ..നെഞ്ചിൽ ആർത്തലക്കുന്ന തിരമാലകളെ അടക്കി നിർത്തി സേതു ദേവിയോട് യാത്ര പറയുന്ന രംഗം ഏറ്റവും പ്രീയപ്പെട്ട ഒന്നാണ്..
സേതുവിന്റെ തകർച്ചയുടെ ശവപ്പെട്ടിയിൽ ഏറ്റവും മൂർച്ച കൂടിയ ആണി അത് ദേവി തന്നെ ആയിരുന്നു…സേതുവിനോളം നഷ്ട്ടങ്ങളെയും തകർച്ചകളെയും അഭിമുഖീകരിച്ച അധികമാരും കാണില്ല..അത് കൊണ്ട് തന്നെ ദേവി ഒപ്പം കൂടിയാലും അത് ഒരിക്കലും സന്തുഷ്ടകരമായ ജീവിതം ആകില്ലായിരുന്നു എന്ന് തീർച്ച…
താളവട്ടം
വിനോദും സാവിത്രിയും♥️
വൺ ഫ്‌ളൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ അടിസ്ഥാനമാക്കി സിനിമ എടുത്തപ്പോഴും പതിവ് കുത്തിനോവിക്കൽ ക്ലൈമാക്സ് നയം പ്രിയൻ ഉപേക്ഷിച്ചില്ല..ലാലേട്ടന്റെ വിനോദ് എന്ന കഥാപാത്രത്തിന് 2 പ്രണയ നഷ്ട്ടങ്ങളാണ് ഉള്ളത്..ആദ്യ പ്രണയിനി ആനിത ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് വിനോദിന്റെ മാനസിക നില തകരാറിൽ ആവുന്നു…മെന്റൽ ഹോസ്പിറ്റലിലെ ഡോക്ടർ സാവിത്രിയുടെ പരിചരണത്തിലൂടെ വിനോദ് ജീവിതം ഏറെക്കുറെ തിരിച്ചു പിടിച്ചതായിരുന്നു..
പക്ഷെ സാവിത്രിയുടെ അച്ഛൻ ഡോ.രവീന്ദ്രൻ വിനോദിനെ കോമ സ്റ്റേജിലേക്ക് തള്ളിവിടുന്നു..ജ്യേഷ്‌ഠ തുല്യനായ ഡോ.ഉണ്ണികൃഷ്ണൻ മറ്റ് വഴികളില്ലാതെ മരണം സമ്മാനമായി നൽകി വിനോദിനെ രക്ഷിക്കുന്നു…ആ ഷോക്കിൽ സാവിത്രിയുടെ മനസികനിലയും തകരുന്നു..അവസാനം അതേ മെന്റൽ ഹോസ്പ്പിറ്റലിൽ വിനോദിന്റെ അതേ നമ്പർ യൂണിഫോമിൽ സാവിത്രിയോടൊപ്പം പ്രേക്ഷകനും തളക്കപ്പെടുന്നു…
കാലാപാനി
ഗോവർദ്ധനും പാർവതിക്കുട്ടിയും ♥️
കഴുത്തിൽ തൂക്ക് കയർ മുറുകുമ്പോൾ ഗോവർധന് രണ്ടേ രണ്ട് പ്രാർത്ഥനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..”എന്റെ ജന്മനാടിന് മോചനം ലഭിക്കേണമേ…എന്റെ പാർവതി കുട്ടിയെ കാത്ത് കൊള്ളേണമേ”..
ഗോവർധന്റെ നെഞ്ചിലെ അവസാന മിടിപ്പും നിലക്കുമ്പോൾ അങ്ങകലെ കേരള നാട്ടിൽ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോം ബെഞ്ചിൽ ട്രെയിനിന്റെ ചൂളം വിളിക്കായി ഒന്നുമറിയാതെ കാത്തിരിക്കുന്ന പാവം പാർവതിക്കുട്ടി…പിന്നെയും ഗോവർദ്ധനില്ലാതെ ഒരുപാട് ട്രെയിനുകളും അതോടൊപ്പം കാലവും പാർവതി കുട്ടിയെ കടന്ന് പോയി..അവസാനിക്കാത്ത ആ കാത്തിരിപ്പ് മാത്രം ബാക്കി…
മിന്നാരം
ബോബിയും നീനയും ♥️
“ഒരിക്കൽ നീയെന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്..സമയം എടുത്തു ഒരുപാട് അത് മറക്കാൻ..ഒടുവിൽ എല്ലാം മറന്ന് കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നു.മനസ്സ് ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാം എന്ന് തീരുമാനിച്ചത്…അപ്പൊ വീണ്ടും പോകുമെന്ന് പറയുന്നു.”..
‘പോളീസൈമത്തീരിയ റുബ്രാവീര ‘എന്നാണ് ബോബിയെയും നീനയെയും വേർപിരിച്ച അസുഖത്തിന്റെ മെഡിക്കൽ നെയിം…
അമേരിക്കയിൽ നിന്നുള്ള അതിന്റെ മരുന്ന് കുറച്ചൂടെ നേരെത്തെ എത്തിക്കാൻ പറ്റിയിരുന്നെങ്കിൽ നീന ഇന്നും ബോബിയോടൊപ്പം കാണുമായിരുന്നു…
പറഞ്ഞിട്ട് കാര്യമില്ല സംവിധാനം പ്രിയദർശൻ ആണല്ലോ..
നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ശ്രീകുമാറും ഗേളിയും ♥️
ഗേളിയുടെ വരവും കാത്ത് നോക്കത്താ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്നത് കുഞ്ഞൂഞ്ഞാമ്മ മാത്രമല്ല ശ്രീകുമാർ കൂടിയാണ്..ട്രാൻസ്പരന്റ് ഗ്ലാസ് പോലെ മറ്റെന്തെങ്കിലും നുണക്കഥയും പറഞ്ഞ് പറ്റിക്കാനും വഴക്ക് കൂടാനും മരണത്തെ തോൽപ്പിച്ചു ഗേളി എന്നെങ്കിലും വരുമായിരിക്കും എന്ന പ്രതീക്ഷയോടെ അയാളുടെ കാത്തിരിപ്പും തുടരുന്നു…
പവിത്രം
ഉണ്ണികൃഷ്ണനും മീരയും ♥️
പ്രാണനേക്കാൾ വലുതായ കുഞ്ഞനിയത്തി മീനാക്ഷിക്ക് വേണ്ടി മീരയെ ഉപേക്ഷിച്ച ഉണ്ണികൃഷ്ണൻ എന്ന ചേട്ടച്ഛന്റെ കഥ മലയാളികൾക്ക് തീരാ നൊമ്പരമാണ്..
അവസാനം അനുജത്തി കൈവിട്ടു പോയെന്ന തോന്നലിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ പാപഭാരവും പേറി മീരയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉണ്ണി ചെല്ലുന്നുണ്ട്..മീര ഉറച്ച നിലപാട് എടുക്കുമ്പോൾ വൈകിയ വേളയിലും
പുനസംഗമം സാധ്യമാകുന്നില്ല.. അല്ലെങ്കിലും ചേട്ടച്ഛന്റെ ജന്മം മീനാക്ഷിക്ക് വേണ്ടി മാത്രം നീക്കി വെച്ചതായിരുന്നു..ഒരു പാട് പ്രായവ്യത്യാസം ഉള്ള ഏട്ടനും അനിയത്തിയും തമ്മിലുള്ള അടുപ്പത്തിലെ ഏറ്റക്കുറച്ചലുകൾ ആണ് പ്രധാന പ്രമേയം.. അത് കൊണ്ട് മാത്രം ഇവിടെ പ്രണയ നഷ്ട്ടം ഒരു തീരാവേദനയായി മാറുന്നില്ലെന്ന് പറയാം..
സുഖമോ ദേവി
സണ്ണിയും താരയും ♥️
ആരും കൊതിച്ചു പോകുന്ന പ്രണയം…റിയൽ ലൈഫിലും റീൽ ലൈഫിലും സണ്ണി പൊളി ആയിരുന്നു…ബൈക്കപകടത്തിന്റെ രൂപത്തിൽ മരണം സണ്ണിയെ തട്ടിയെടുത്തപ്പോൾ താര കണ്ട് കൂട്ടിയ ഒരായിരം സ്വപ്നങ്ങളും പാഴാകുന്നു…
സണ്ണിയെന്ന ശൂന്യതയെ താര എങ്ങനെയാവും മറികടന്നിട്ടുണ്ടാവുക..
തൂവാനത്തുമ്പികൾ
ക്ലാരയും, ജയകൃഷ്ണനും ♥️
ക്ലാര പെയ്തിറങ്ങാത്ത ജയകൃഷ്ണന്റെ മഴക്കാലങ്ങളെ കുറിച്ച് എന്ത് പറയാൻ !
ഒറ്റ മൈനയെ കണ്ടാൽ ദിവസം പോയി എന്ന് പഴമക്കാർ പറയും.അത് പോലെ പ്രണയം നഷ്ട്ടപ്പെട്ട ലാലേട്ടന്റെ കഥാപാത്രങ്ങൾ നമ്മളെ വിഷാദത്തിന്റെ നിലയില്ലാ കയത്തിലേക്ക് മുക്കി താഴ്ത്തുന്നവയാണ്…പ്രണയവും പ്രണയനഷ്ട്ടങ്ങളും ഇത് പോലെ പകർന്നാടിയ ഒരു മനുഷ്യൻ വേറെയില്ല..
ഒരെയൊരു മോഹൻലാൽ..നമ്മുടെ ലാലേട്ടൻ