സിനിമയില്ലാതിരുന്ന ആറുമാസക്കാലത്തെ അപ്രതീക്ഷിത അവധിയില്‍നിന്ന് വീണ്ടും തിരക്കിന്റെ ലോകത്താണ് നടന് മോഹന്‍ലാല്‍. ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാംഭാഗം തൊടുപുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഏഴുവര്‍ഷത്തെ ഇടവേളയില്‍ ഒരുങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാംഭാഗം കര്‍ശനമായ കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചാണ് ചിത്രീകരിക്കുന്നത്.
തൊടുപുഴയിലെ അതേ സെറ്റ്. ആദ്യഭാഗത്തില്‍ ജോര്‍ജുകുട്ടി പറഞ്ഞതും പ്രവര്‍ത്തിച്ചതും അവസാനിച്ചിടത്തുനിന്ന് മോഹന്‍ലാല്‍ വീണ്ടും ആ കഥാപാത്രമാവുകയാണ്.
യുദ്ധകാല സന്നാഹങ്ങളൊരുക്കിയാണ് ചിത്രീകരണം. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവര്‍ മുഴുവന്‍ ക്വാറന്റീനിലാണ്.
കോവിഡ് മാനദണ്ഡം പാലിച്ചാണ് താരങ്ങളുടെ മേക്കപ്പ് പോലും. പിപിഇ കിറ്റ് ധരിച്ച മേക്കപ് മാനും മലയാള സിനിമ ചരിത്രത്തിലെ ദൃശ്യമാകും.
കഥാപാത്രവും പരിസരവുമെല്ലാം കോവിഡിനോട് പൊരുത്തപ്പെട്ട് നീങ്ങുമ്പോള്‍ സിനിമാചരിത്രത്തിലെ ഏറ്റവും സങ്കടകരമായ കാലഘട്ടമാണിതെന്ന് പറയുന്നു മോഹന്‍ലാല്‍.
കോവിഡ് പരിശോധന പൂര്‍ത്തിയാക്കി ഷൂട്ടിങിന്റെ ഭാഗമായവരല്ലാതെ ആര്‍ക്കും സെറ്റിലേക്ക് പ്രവേശനമില്ല. തൊടുപുഴയിലെ സെറ്റില്‍ ഭക്ഷണമൊരുക്കുന്നതില്‍ പോലും വലിയ കരുതലാണ്. പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയാണ് കോവിഡ് കാല ഷൂട്ടിങിന് ദിവസേന ഭക്ഷണം ഒരുക്കുന്നത്.
സിനിമാമേഖലയുടെ പഴയനിലയിലേക്കുള്ള തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നിരിക്കെ അതിനായി ഒരുങ്ങിയിരിക്കുയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന് ജിത്തു ജോസഫ് പറയുന്നു.
നവംബര്‍ 14നാണ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ് അവസാനിക്കുക. ആദ്യഭാഗത്തിലെ നടീനടന്മാരില് ചിലര്‍ രണ്ടാം ഭാഗത്തിലില്ല. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍തന്നെ നിര്‍മിക്കുന്ന രണ്ടാംഭാഗത്തില്‍ മുരളീ ഗോപി ഉള്‍പ്പടെ പുതിയ കൂട്ടിചേര്‍ക്കലുകളുമുണ്ട്.