ട്രംപിനെ കഥാപാത്രമാക്കി കോമഡി സീരീസ് ഒരുങ്ങുന്നു; നിര്‍മ്മാണം ഒബാമ

യുഎസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിനെ കഥാപാത്രമാക്കി നെറ്റ്ഫ്ലിക്സ് കോമഡി സീരീസ് വരുന്നു. സീരീസ് നിര്‍മിക്കുന്നത് യുഎസ് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ചേര്‍ന്നാണ്. ഇവര്‍ക്കൊപ്പം കൊമേഡിയന്‍ ആദം കൊണോവറും സീരീസിന്റെ നിര്‍മ്മാണ പങ്കാളിയാണ്. ആദം കൊണോവര്‍ ഇക്കാര്യം തന്റെ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

മൈക്കള്‍ ലൂയിസിന്റെ 2018ല്‍ പുറത്തിറങ്ങിയ ‘ദ ഫിഫ്ത്ത് റിസ്‌ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് ഒരുങ്ങുന്നത്. 2016ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് അധികാരക്കൈമാറ്റ (ട്രാന്‍സിഷന്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടായ അരാജകത്വങ്ങളെക്കുറിച്ചാണ് പുസ്തകം പറയുന്നത്. മൈക്കള്‍ ലൂയിസിന്റെ മണി ബോള്‍, ദ ബിഗ് ഷോര്‍ട്ട് തുടങ്ങിയ പുസ്തകങ്ങളും നേരത്തെ സിനിമകളായിട്ടുണ്ട്.

നെറ്റ് ഫ്‌ളിക്‌സ് കണ്ടന്റ് ഓഫീസര്‍ ടെഡ് സറാന്‍ഡോസും ഭാര്യയും വളരെക്കാലമായി ഒബാമ കുടുംബത്തിന്റെ സുഹൃത്തുക്കളാണ്. 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ രണ്ടാം മത്സരത്തിനായി 5 ലക്ഷത്തിലധികം ഡോളറാണ് ഇവര്‍ സംഭാവനയായി നല്‍കിയത്. ടെഡ് സറാന്‍ഡോസിന്റെ ഭാര്യ നിക്കോള്‍ അവാന്റ് 2009-2011 കാലത്ത് ബഹാമസ്സിലെ യുഎസ് അംബാസഡറായിരുന്നു. നെറ്റ് ഫ്‌ളിക്‌സ് ചെയര്‍മാനും സിഇഒയുമായ റീഡ് ഹേസ്റ്റിംഗ്‌സും ഒബാമയെ ശക്തമായി പിന്തുണച്ചിട്ടുള്ളയാളാണ്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റീഡ് ഹേസ്റ്റിംഗ്‌സ്, ഹിലരി ക്ലിന്റനെ പിന്തുണച്ചിരുന്നു. ട്രംപിനെ പരിഹസിക്കുന്ന സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന്റെ ദ കാര്‍ട്ടൂണ്‍ പ്രസിഡന്റ് എന്ന കാര്‍ട്ടൂണ്‍ സീരീസ് 2018 മുതലുണ്ട്.

https://youtu.be/zkV3a63D3hE

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram