
ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യൻ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബർ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സർവ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയർപ്പാണ് ജീവിതത്തിൽ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓർത്ത് സുഗന്ധി ഭർത്താവിന്റെ അവഗണന സഹിച്ചു നിൽക്കുന്നു. എന്നാൽ പണിക്ക് പോയ ഒരുദിവസം പൂക്കളുടെ ഗന്ധമുള്ള ഒരു യുവതി ഷിബുവിന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരുന്നു. അവൾ സമ്മാനിച്ച അവളുടെ പെർഫ്യൂമിന്റെ ഗന്ധത്തിലൂടെ അവൾ ഷിബുവിനെ സന്തോഷവാനാക്കുന്നു. സുഹൃത്ത് സണ്ണിയും ഷിബുവിന്റെ വാക്കുകളിലൂടെ അവളുടെ ഗന്ധം ആസ്വദിക്കുന്നുണ്ട്. സ്വന്തം മുറ്റത്തെ മുല്ലയുടെ മണമറിയാതെ പോയ ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്. നവാഗതനായ അനിൽ ലാൽ കഥയും സംവിധാനവും ചെയ്യുന്ന സുഗന്ധി എന്ന ഹ്രസ്വചിത്രം റിലീസ്സായി. സന്തോഷ് അണിമയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഷൈലജ പി അംബു, ലിജോ ഉലഹന്നാൻ, സജത്ത് ബ്രൈറ്റ്, മൃഥുല മോഹൻ, വിനയ്, വിപിൻ എസ് നായർ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതം- സന്ദീപ് സജീവ, എഡിറ്റർ- അരുൺ വൈഗ, ആർട്ട്- ശരത്ത് ലാൽ, മേക്കപ്പ്- മീര മാക്സ്, കോസ്റ്റ്യൂം- മൃഥുല, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, പി.ആർ.ഒ – പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.