സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘പാപ്പന്‍’ ചിത്രീകരണം തുടങ്ങി. നായക കഥാപാത്രമായ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ലുക്ക് സുരേഷ് ഗോപി പുറത്തുവിട്ടു. രണ്ട് കാലങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി. പാല,ഈരാറ്റുപേട്ട, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറാണ് ചിത്രം. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സണ്ണിവെയിൻ, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആർ.ജെ. ഷാന്റേതാണ്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചു നടന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്നാണ് നിർമ്മിക്കുന്നത്.