മോഹൻലാലിന്റെ വർക് ഔട്ട് വിശേഷങ്ങള്‍ വനിത ഓൺലൈനുമായി പങ്കുവെച്ച് ട്രെയിനർ ഐനസ് ആന്റണി.

‘‘ലാലേട്ടന്റെ നരസിംഹം ഇറങ്ങിയ വർഷം എനിക്ക് നാല് വയസ്സാണ്. അതാണ് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ. അദ്ദേഹം ഇപ്പോൾ 27 വയസ്സുള്ള എന്റെ ഒപ്പം ഓടും. ഏത് വർക് ഔട്ടിലും എന്റെ കൂടെ കട്ടയ്ക്ക് നിൽക്കും. സാധാരണ ഒരാൾക്ക് പ്ലാങ്ക് ചെയ്യുമ്പോൾ പരമാവധി ഒരു മിനിറ്റ് വരെയൊക്കെയേ പിടിച്ചു നിൽക്കാനാകൂ. അതുകഴിഞ്ഞാൽ കൈ വിറയ്ക്കാൻ തുടങ്ങും. 20 കിലോ വെയ്റ്റ് വച്ചാണ് ലാലേട്ടൻ പ്ലാങ്ക് ചെയ്യുന്നത്. എന്നിട്ടു പോലും 3–3 1/2 മിനിറ്റ് വരെ ചെയ്യും!’’ ഐനസ് ആന്റണി വർക് ഔട്ട് വിശേഷം വാം അപ് ചെയ്തു തുടങ്ങി.


ഒരിക്കൽ ലാലേട്ടൻ താമസിക്കുന്ന ഹോട്ടലിൽ താമസിച്ചിരുന്ന ഒരു മാരത്തൺ റണ്ണർ ജിമ്മിൽ വന്നു. 45 വയസ്സൊക്കെയേ കാണൂ. മലയാളി അല്ല. ലാലേട്ടനെ കണ്ടപ്പോൾ ആള്‍ക്ക് സംശയം. ഇതൊക്കെ പറ്റുമോ എന്ന മട്ട്. അതെനിക്ക് ഇഷ്ടമായില്ല. അദ്ദേഹത്തെയും ലാലേട്ടനെയും ഒരുമിച്ച് വർക് ഔട്ട് ചെയ്യിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കക്ഷി ക്ഷീണിച്ചു തുടങ്ങി. അപ്പോഴും ലാലേട്ടൻ തുടരുകയാണ്. ‘‘അയാം സോറി, ചബ്ബി ബോഡി കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇദ്ദേഹത്തിന് ശക്തിയുണ്ടാവില്ല എന്ന്.’’ ആൾ ക്ഷമ പറഞ്ഞു. ട്രെയിനർ എന്ന നിലയിൽ എനിക്ക് വലിയ സന്തോഷം തന്ന ഒരു അനുഭവമാണത്.


എവിടെ പോയാലും ഇപ്പോൾ വർക് ഔട്ട്, ലാലേട്ടന്റെ ഹാബിറ്റാണ്. ചെയ്തതിനു ശേഷം മോനേ, വർക് ഔട്ട് ചെയ്തു കേട്ടോ എന്നു പറഞ്ഞ് മെസേജും അയയ്ക്കും. ഇന്നലെ പാലക്കാട് ‘ആറാട്ടി’ന്റെ സെറ്റിലേക്ക് പോയി. പക്കാ ഗ്രാമത്തിലാണ് ലൊക്കേഷൻ. അവിടെ ജിം ഒന്നുമില്ല. ലാലേട്ടനു വേണ്ടി അവിടെയൊരു ജിം സെറ്റ് ചെയ്തിട്ടുണ്ട്.


വർക് ഔട്ട് നല്ലപോെല എൻജോയ് ചെയ്യുന്നയാളാണ് ലാലേട്ടൻ. അതാണ് ഒരു ട്രെയിനറുടെ ഏറ്റവും വലിയ സന്തോഷം. ചെയ്തതിനു ശേഷം ചോദിക്കും, മോൻ ഹാപ്പിയാണോ? ചെറുപ്പക്കാരെക്കാൾ ഡെഡിക്കേറ്റഡ് ആണ്. അദ്ദേഹത്തിന്റെ എല്ലാ വീട്ടിലും ഫുള്ളി എക്വിപ്ഡ് ജിം സെറ്റ് ചെയ്തിട്ടുണ്ട്. ലാലേട്ടൻ എവിടെയാണോ അവിടേക്ക് ഞാനും പോകും. ജിം ഇല്ലാത്ത ഏതെങ്കിലും സ്ഥലത്ത് ചെന്നാലും ചെയ്യാവുന്ന ചില വർക് ഔട്ട്സും പഠിപ്പിച്ചിട്ടുണ്ട്.


ഫൈവ് സ്റ്റാർ ഹോട്ടലിലെ ജിം ട്രെയിനറായിരുന്നു ഞാൻ. ഒരിക്കൽ അവിടെ താമസിക്കാൻ വന്ന ബിസിനസ്മാൻ സമീർ ഹംസ ആണ് മൂന്ന് വർഷം മുമ്പ് എന്നെ ലാലേട്ടനു പരിചയപ്പെടുത്തിയത്. അവിടെ വരുമ്പോഴൊക്കെ ലാലേട്ടന് ട്രെയിനിങ് നൽകുമായിരുന്നു. വർക് ഔട്ട് ചെയ്യുന്ന ലാലേട്ടനെ കാണുമ്പോൾ ആള് കൂടാൻ തുടങ്ങും. രണ്ട് മണിക്കൂർ വർക് ഔട്ട് ടൈമിൽ സെൽഫിയെടുക്കലും ഒക്കെയായി പിന്നെ വർക് ഔട്ട് നടക്കില്ല. അങ്ങനെ ജിം വീട്ടിലേക്കു മാറ്റി. ട്രെയിനിങ് തുടങ്ങിയപ്പോൾ വർക് ഔട്ടിനൊപ്പം ന്യൂട്രിഷനും നോക്കണം എന്നൊക്കെ പറഞ്ഞു. അങ്ങനെ ഡയറ്റിലും ശ്രദ്ധിച്ചു തുടങ്ങി.


ഒടിയന്റെ സമയത്താണ് ഞാൻ ലാലേട്ടനെ കാണുന്നത്. അന്ന് ഇടയ്ക്കൊക്കെ മാത്രമേ വർക് ഔട്ട് ചെയ്തിരുന്നുള്ളൂ. മരയ്ക്കാർ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ പിന്നീടുള്ള എല്ലാ പടങ്ങളിലും ഒരു ദിവസം പോലെ മുടക്കാതെ റെഗുലർ ആയി ചെയ്തു തുടങ്ങി. അതോടെ നല്ല ചെയ്ഞ്ച് കണ്ടു തുടങ്ങി. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറി.
അടുത്ത സിനിമയിലെ കാരക്ടർ ഇന്നതാണ് എന്ന് ലാലേട്ടൻ പറയുമ്പോൾ എന്റെ മനസ്സിൽ ആ കാരക്ടറായി ലാലേട്ടൻ എങ്ങനെ വേണം എന്നൊരു രൂപം വരും. ദൃശ്യം 2 വിന് പോകുന്നതിനു മുമ്പ് അധ്വാനിയായ ഒരു കൃഷിക്കാരന്റെ ബോഡി പോലെ ആകാനായി അതിനു വേണ്ട വർക്ഔട്ട്സ് ആണ് ചെയ്തത്. ലൂസിഫറിലെ റോളിനു വേണ്ടി ബോഡി ഹാർഡ് ആക്കി. ലാലേട്ടന്റെ പ്രശസ്തമായ ആ കിക് സീൻ പോസ്ചർ വർക് ഔട്ടിലൂടെ കഷ്ടപ്പെട്ട് അദ്ദേഹം സാധിച്ചെടുത്തതാണ്. ഇട്ടിമാണിയിൽ ഫണ്ണി ക്യാരക്ടർ ആണല്ലോ. അതിൽ കുറച്ച് സ്ലിം ആയി. ദൃശ്യം 1 ലെ ലാലേട്ടനെയും ദൃശ്യം 2ലെ ലാലേട്ടനെയും ഒന്നു നോക്കൂ. പത്ത് വയസ്സ് പിറകിലേക്ക് പോയില്ലേ? ആ ചെയ്ഞ്ച് കണ്ടപ്പോൾ ലാലേട്ടൻ വല്ലാതെ ഹാപ്പി ആയി. ഇപ്പോൾ ബോഡി പെർഫെക്റ്റ് ഫിറ്റ് ആണ്.

ടേസ്റ്റി ഫൂഡ് ലാലേട്ടന്റെ വീക്നെസ് ആണല്ലോ. റവ ദോശ, ചെമ്മീൻ കറി പോലുള്ള കുറച്ച് സ്പെഷ്യൽ നാടൻ ഐറ്റങ്ങൾ ഒരുപാടിഷ്ടമാണ്. അതൊക്കെ കഴിക്കുമ്പോൾ എന്നെ വിളിച്ച് പറയും, ഇതൊക്കെ കഴിച്ചു മോനേ എന്ന്. ഫൂഡി ആണെങ്കിലും എല്ലാവരും കരുതുന്ന പോലെ അളവില്ലാതെ കഴിക്കാറില്ല. എത്ര ഇഷ്ടമുള്ള ഭക്ഷണമായാലും ഒരു ചെറിയ അളവിലേ കഴിക്കൂ. അതുകൊണ്ട് ഇഷ്ടമുള്ളതൊക്കെ ഒഴിവാക്കിയോ കഴിക്കാതിരിക്കാനോ പറയാറില്ല. എത്ര കഴിച്ചാലും കാലറി ബേൺ ചെയ്യുക എന്നു മാത്രമേ പറയാറുള്ളൂ. ലാലേട്ടന് ഇഷ്ടമുള്ള ചില ഡിഷസ് ഒക്കെ ചിലപ്പോൾ ഞാൻ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടു കൊടുക്കും.
വിദേശയാത്രകൾ വരുമ്പോൾ ചിലപ്പോൾ ഞാൻ പറയും, ലാലേട്ടൻ ട്രിപ് എൻജോയ് ചെയ്തോളൂ, ഇവിടെയെത്തിയിട്ട് നമുക്ക് വർക് ഔട്ട് തുടരാം എന്ന്. എന്നാലും, എവിടെയെങ്കിലും ചെന്ന് നല്ല ജിം കണ്ടാൽ ജിമ്മിന്റെ വിഡിയോയും ഫോട്ടോയുമൊക്കെ അയച്ചു തരും. മോനേ, ഇന്ന ഇന്ന വർക് ഔട്ട് ഒക്കെ ചെയ്തു കേട്ടോ എന്ന് വിഡിയോ കോൾ ചെയ്ത് ഓരോന്നും പേരെടുത്തു പറയും.എല്ലാത്തിന്റെയും പേരും ഇതിനകം അദ്ദേഹം പഠിച്ചെടുത്തു കഴിഞ്ഞു.

രാവിലെ ആരറ– ഏഴ് മണിക്ക് സെറ്റിലെത്തി ഏറ്റവും ഒടുവിൽ സെറ്റിൽ നിന്ന് ഏറെ ക്ഷീണിച്ച് ഇറങ്ങിയാലും നന്നായി ഒരു വോകിങ് എങ്കിലും ചെയ്തിട്ടേ വീട്ടിലേക്ക് പോകൂ. ലൊക്കേഷൻ ദൂരെയാണ്, രാത്രി വൈകി കുറേ ട്രാവൽ ചെയ്തേ എത്താനാകൂ എങ്കിൽ വിളിച്ചു പറയും, ‘‘ ആലപ്പുഴയിലാണ് മോനേ, ഇന്ന് എത്താൻ വൈകും. നമുക്ക് നാളെ രാവിലെ ഒരു പിടി പിടിക്കാം’’ എന്ന്. പിറ്റേന്ന് വരുമ്പോൾ പറയും,‘‘ഇന്നലെ വർക് ഔട്ട് ചെയ്യാത്തതുകൊണ്ട് ഒരു സുഖമുണ്ടായില്ല മോനേ…’’എന്ന്.
110% സമയനിഷ്ഠയാണ് ലാലേട്ടന്റെ മറ്റൊരു പ്രത്യേകത. ലാലേട്ടന്റെ ഏറ്റവും കൂടിയ വൈകൽ 2 മിനിറ്റ് ആണ്. ഞാനിറങ്ങുവാ മോനേ എന്നു വിളിച്ചു പറയും. കൃത്യസമയത്ത് എത്തിയിരിക്കും. എക്സ്ക്യൂസ് പറയേണ്ട കാര്യമേ വരുന്നില്ല. അത്രയും ആത്മാർഥമായി ഒരാൾ വരുമ്പോൾ നമ്മളും അതിനെ മാനിക്കണമല്ലോ. എനിക്ക് ഉറങ്ങാൻ പറ്റിയില്ലെങ്കിൽ പോലും ഏത് സമയത്തും അദ്ദേഹത്തെ വർക് ഔട്ട് ചെയ്യിപ്പിക്കാൻ ഞാൻ റെഡിയായി നിൽക്കും. എത്ര ഡൗൺ ആയി ഇരുന്നാലും അദ്ദേഹത്തെ കണ്ട് ഒന്നു കെട്ടിപ്പിടിച്ചാൽ നമ്മുടെ എനർജി ലെവൽ കുത്തനെ മേലേക്കു കുതിക്കും! അങ്ങനെയൊരു യൂണീക് പെഴ്സണാലിറ്റി ആണ്. അങ്ങനെയുള്ളവരെ ട്രെയിൻ ചെയ്യാൻ കിട്ടുന്നതു തന്നെ ഒരു ട്രെയിനറെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. എന്നു വച്ച് സെലിബ്രിറ്റികളെ മാത്രമേ ട്രെയിൻ ചെയ്യൂ എന്നൊന്നുമില്ല കേട്ടോ. വർക് ഔട്ട് ചെയ്യാനും ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാനും ആഗ്രഹമുള്ള ആരെയും പഠിപ്പിക്കാൻ ഞാൻ റെഡിയാണ്.
ഇത്തിരി വണ്ണമുള്ള ലാലേട്ടനെയാണ് ഇഷ്ടം എന്നു പറയുന്നവരുണ്ട്. ‘യ്യോ, അദ്ദേഹത്തെ കണ്ടാൽ അറുപത് വയസ്സായി എന്നു തോന്നില്ല കേട്ടോ’ എന്നു പറഞ്ഞു കേൾക്കണം. അതാണെന്റെ ആഗ്രഹവും ഏറ്റവും വലിയ സന്തോഷവും.’’ ഐനസ് പറയുന്നു.

https://youtu.be/6z-n3hboaQQ

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram