മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിൻ ഷാഹിര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തും.
‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തില്‍ തന്നെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
നീലവെളിച്ചത്തിന്‍റെ കഥ വികസിപ്പിച്ച് ബഷീര്‍ എഴുതിയ തിരക്കഥ നേരത്തെ ഭാര്‍ഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. 1964-ല്‍ സംവിധായകന്‍ ഏ.വിന്‍സെന്‍റാണ് ഭാര്‍ഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്‍റിന്‍റെ ആദ്യചിത്രമായിരുന്നു അത്. പ്രേം നസീര്‍, മധു, വിജയനിര്‍മ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.