“ലാലിന്‍റെ അഭിനയ റേഞ്ച് അപാരമാണ്‌. ഭരത്‌ഗോപിമായി താരതമ്യം ചെയ്യാവുന്ന ഏക നടന്‍ ലാലാണെന്ന്‌ ഞാന്‍ പറയും. മമ്മൂട്ടിയും നെടുമുടി വേണുവും തിലകനും ഒക്കെ പകരം വെക്കാൻ കഴിയാത്ത പ്രഗത്ഭരായ നടന്‍മാരാണ്‌. പക്ഷേ ലാലിന്‍റെ റേഞ്ച്‌ അതിനൊക്കെ മേലെയാണ്.” – വേണു നാഗവള്ളി

വേണു നാഗവള്ളിയുടെ മരണം മലയാളികളുടെ നഷ്ടമാണ്. വ്യക്തിപരമായും തൊഴില്‍‌പരമായും ഈ മരണം മോഹന്‍ലാലിന്‍റെ മനസിലായിരിക്കും ഏറ്റവും വലിയ ശൂന്യത സൃഷ്ടിക്കുക. കാരണം, മോഹന്‍ലാലിനെ ഏറ്റവുമധികം സ്നേഹിച്ച ആളായിരുന്നു വേണു. സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ചയാള്‍. അതിലുമുപരി ലാല്‍ എന്ന പ്രതിഭയെ ആരാധിച്ചയാള്‍. ലാലിനെക്കുറിച്ചോര്‍ത്ത് അഭിമാനം കൊണ്ടയാള്‍. സംവിധായകൻ എന്ന നിലയിൽ ലാലിലെ നടനെ ചൂഷണം ചെയ്തയാൾ…

മോഹന്‍ലാലിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാകണം, വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മൂന്നേണമൊഴിച്ചു ബാക്കി എല്ലാം മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടായിരുന്നു. ആദ്യചിത്രമായ ‘സുഖമോ ദേവി’ അകാലത്തില്‍ മരിച്ച തന്‍റെ സുഹൃത്തിനെക്കുറിച്ചുള്ളതായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന ദുരന്ത കഥാപാത്രത്തെ മലയാള സിനിമയുള്ളിടത്തോളം പ്രേക്ഷകര്‍ മറക്കില്ല.

‘ലാലേട്ടന്‍’ എന്നാണ് മോഹന്‍ലാലിനെ ഇന്ന് കൊച്ചു കുട്ടികൾ മുതൽ വൃദ്ധ ജനങ്ങൾ വരെ വിളിക്കുന്നത്. സ്നേഹപൂര്‍ണമായ ആ വിളി ആദ്യം കേട്ടത് വേണു നാഗവള്ളിയുടെ ‘സര്‍വകലാശാല’ എന്ന ക്യാമ്പസ് ചിത്രത്തിലായിരുന്നു. ആ സിനിമയ്ക്ക് ശേഷവും മോഹന്‍ലാലിനെ മലയാളികള്‍ അങ്ങനെതന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.

സ്നേഹവും നിഷ്കളങ്കതയും നിസഹായതയും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിനു വേണ്ടി വേണു എന്നും ഒരുക്കിയത്. സുഖമോദേവിയിലെ സണ്ണി, സര്‍വകലാശാലയിലെ ലാലേട്ടന്‍, ലാല്‍സലാമിലെ നെട്ടൂരാൻ സ്റ്റീഫന്‍, ഏയ് ഓട്ടോയിലെ സുധി, കിഴക്കുണരും പക്ഷിയിലെ അനന്തു, കളിപ്പാട്ടത്തിലെ വേണുഗോപാല്‍ജി, അഗ്നിദേവനിലെ അനിയന്‍ കുട്ടന്‍, രക്തസാക്ഷികള്‍ സിന്ദാബാദിലെ ശിവസുബ്രഹ്‌മണ്യം ഇവയെല്ലാം മോഹന്‍ലാലിലെ അഭിനയപ്രതിഭയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രങ്ങളാണ്.

ഏയ് ഓട്ടോയിലെ സുധിയിലോ കളിപ്പാട്ടത്തിലെ വേണുഗോപാല്‍ജിയിലോ അഗ്നിദേവനിലെ അനിയന്‍ കുട്ടനിലോ നമുക്ക് വേണു നാഗവള്ളിയെ തന്നെ കണ്ടെത്താനാകും. ആ കഥാപാത്രങ്ങളുടെ പല സ്വഭാവ സവിശേഷതകളും മാനറിസങ്ങളും വേണുവിന്‍റേതുതന്നെയായിരുന്നു. സ്നേഹം നിറഞ്ഞ മനസുള്ള, സ്നേഹത്തിനു മുമ്പില്‍ ഇടറിപ്പോകുന്ന കഥാപാത്രങ്ങള്‍.

മോഹന്‍ലാലിനെ ഇത്രയധികം ഇഷ്ടപ്പെടുമ്പോഴും ലാല്‍ തിരഞ്ഞെടുക്കുന്ന ചില സിനിമകളിൽ എതിരഭിപ്രായാമുള്ള നടനായിരുന്നു വേണു. വാമനപുരം ബസ്‌റൂട് പോലത്തെ സിനിമകൾ ചെയ്ത സമയത്തു ചോദിച്ചത്രേ “എന്തിനാണ് ലാൽ ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കുന്നെ”. ഹരിഹരന്‍‌പിള്ള ഹാപ്പിയാണ് എന്ന സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ആദ്യം തേടിയെത്തിയത് വേണു നാഗവള്ളിയെയാണത്രേ. തിരക്കഥ വായിച്ച ശേഷം വേണു പറഞ്ഞു ഇതുപോലത്തെ ഒരു തിരക്കഥ കൊണ്ട് ലാലുവിനെ വെച്ച് ഞാൻ സിനിമ ചെയ്യില്ല

നെട്ടൂരാൻ സ്റ്റീഫന്‍ ഡികെയ്ക്ക് നല്‍കുന്നതുപോലെ ഒരു സ്നേഹ ചുംബനം ഇന്നും മോഹന്‍ലാലിന്‍റെ മനസ് വേണു നാഗവള്ളിക്ക് നല്‍കുന്നുണ്ടാകാം..

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram