ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും ലോകോത്തര സ്പിന്നറുമായ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന ചിത്രത്തിൽ മുരളീധരനായി വിജയ് സേതുപതി. മലയാളി താരം രജിഷ വിജയനാവും നായിക, ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തെ ആദ്യ ബൗളറാണ് മുത്തയ്യ മുരളീധരൻ എന്നതിനാലാണ് ചിത്രത്തിന് ആ പേര് നൽകിയത്.
എം.എസ്. ത്രിപതി സംവിധാനം ചെയ്യുന്ന 800 നിർമിക്കുന്നത് തെലുഗു താരം റാണ ദഗ്ഗുബട്ടിയുടെ സുരേഷ് പ്രൊഡക്ഷൻസും ധാർ മോഷൻ പിക്ചേഴ്സും ചേർന്നാണ്. തമിഴിന് പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. സാം സി.എസ് ആണ് സംഗീതം.
ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. 1972 ൽ ശ്രീലങ്കയിലെ കാൻഡിയിലാണ് മുത്തയ്യ മുരളീധരൻ ജനിച്ചത്. അദ്ദേഹം 133 ടെസ്റ്റ് മത്സരങ്ങളിലും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
റെക്കോഡുകൾക്കം പ്രശസ്തിക്കുമൊപ്പം നിരവധി വിവാദങ്ങളും മുരളീധരന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുന്നതാവും 800. ചിത്രത്തിന് 800 എന്ന പേരിൽ കവിഞ്ഞ് മറ്റെന്താണ് അർത്ഥവത്താവുന്നത്..
കൊളംബോയിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് മാച്ച് ,രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് തികയ്ക്കാൻ മുത്തയ്യക്ക് വേണ്ടത് വെറും എട്ട് വിക്കറ്റ്. സ്പിന്നിനെതിരെ കളിക്കുന്നതിൽ എക്കാലവും മികവു കാട്ടുന്ന ഇന്ത്യയാണ് എതിരാളികളെന്നിരിക്കെ, പരമ്പരയിലെ ആദ്യ ടെസ്റ്റിൽത്തന്നെ ഈ നേട്ടം സ്വന്തമാക്കുമെന്ന് ഉറപ്പിച്ച് ഇതു തന്റെ അവസാന ടെസ്റ്റാണെന്ന് പ്രഖ്യാപിക്കുന്നു..
വ്യക്തിഗത നേട്ടങ്ങളിൽ അഭിരമിക്കുന്ന താരങ്ങൾ സാധാരണ കാഴ്ചയാകുന്ന ഇക്കാലത്ത്, 800 വിക്കറ്റ് തികയ്ക്കാൻ ആവശ്യമായ എട്ടു വിക്കറ്റ് ഒറ്റ ടെസ്റ്റിൽനിന്ന് ഇന്ത്യയ്ക്കെതിരെ വീഴ്ത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻകൂട്ടി തന്റെ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് മുത്തയ്യ മുരളീധരൻ. ഇതിൽ ഗോളിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെ വിരമിക്കുമെന്ന് മുരളീധരൻ നേരത്തേതന്നെ പ്രഖ്യാപിക്കുന്നു..അപ്പോൾ ടെസ്റ്റിൽ 800 വിക്കറ്റുകളെന്ന ചരിത്ര നേട്ടത്തിൽനിന്ന് എട്ടു വിക്കറ്റ് അകലെയായിരുന്നു മുരളി. ഒരു ടെസ്റ്റ് കൂടി കളിച്ച് വിരമിക്കുമെന്ന മുരളിയുടെ പ്രഖ്യാപനം ശ്രീലങ്കൻ ആരാധകർക്കൊപ്പം സഹതാരങ്ങളും ആശങ്ക സൃഷ്ടിച്ചു… ചരിത്രനേട്ടത്തിന് എട്ടു വിക്കറ്റ് മാത്രം അകലെ നിൽക്കെ ഒരു ടെസ്റ്റ് കൂടി കളിച്ച് വിരമിക്കുമെന്ന മുരളിയുടെ പ്രഖ്യാപനം സാഹസമായിപ്പോയെന്ന് അവർ വിലയിരുത്തി. സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റിൽനിന്ന് എട്ട് വിക്കറ്റ് നേട്ടം കൈവരിക്കുകയെന്നത് അത്ര അനായാസമാകില്ല എന്നായിരുന്നു അവരുടെ വിലയിരുത്തൽ.
മുരളിയുടെ ക്രിക്കറ്റ് കരിയർപോലെതന്നെ നാടകീയമായിരുന്നു അവസാന ടെസ്റ്റും. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്ത് ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 520 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ 276 റൺസിന് പുറത്തായ ഇന്ത്യ ഫോളോ ഓണ് ചെയ്തു. അഞ്ച് വിക്കറ്റ് പിഴുത മുരളിയാണ് ഇന്ത്യയെ തകർത്തത്. സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിങ് ധോണി, യുവരാജ് സിങ് തുടങ്ങിയവരെ പുറത്താക്കിയത് മുരളി തന്നെ. രണ്ടാം ഇന്നിങ്സിലും ഇന്ത്യ ബാറ്റിങ്ങിൽ തകർന്നു. മികച്ച ഫോമിൽ പന്തെറിഞ്ഞ ലസിത് മലിംഗയായിരുന്നു ഇക്കുറി കൂടുതൽ അപകടകാരി. ടെസ്റ്റിന്റെ നാലാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 181 എന്ന നിലയിലായിരുന്നു ഇന്ത്യ.
അവസാന ദിനം ഇന്ത്യ ഇന്നിങ്സ് പുനരാരംഭിച്ചപ്പോൾ ക്രിക്കറ്റ് ലോകം കാത്തിരുന്നതു മുരളി 800 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിലെത്തുമോ എന്നറിയാൻ. അവസാന അഞ്ചു വിക്കറ്റുകളിൽ രണ്ടെണ്ണം മതിയായിരുന്നു മുരളിക്ക്. ഹർഭജനെ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ മുരളിയുടെ സമ്പാദ്യം 799. രാവിലെ 10.10നായിരുന്നു ഹർഭജന്റെ പുറത്താകൽ. പിന്നെയുള്ള ഓരോ പന്തും മുരളിക്കായുള്ള ആർപ്പുവിളികളാൽ മുഖരിതം. ഗാലറിയിൽ മുരളിയുടെ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങൾ. കാറ്റിലിളകുന്ന ശ്രീലങ്കൻ കൊടികൾ. എന്നാൽ, ലക്ഷ്മണൊപ്പം പിടിച്ചുനിൽക്കാനായിരുന്നു ഇന്ത്യൻ വാലറ്റത്തിന്റെ തീരുമാനം. അഭിമന്യു മിഥുൻ നേരിട്ടത് 10 ഓവറോളം. ഒടുവിൽ മലിംഗയുടെ യോർക്കറിൽ മിഥുൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇഷാന്ത് ശർമയേകിയ അപൂർവ പിന്തുണയിൽ ലക്ഷ്മൺ ആവേശപൂർവം മുന്നേറിയപ്പോൾ ശ്രീലങ്കയ്ക്ക് ആശങ്കയുടെ നിമിഷങ്ങൾ. വിക്കറ്റിനിടയിലെ ഓട്ടത്തിൽ ലക്ഷ്മണു വീണ്ടും പിഴച്ചു.
പിന്നെയുള്ളത് ഒരൊറ്റ വിക്കറ്റ്. ഇഷാന്ത് ശർമയും പ്രഗ്യാൻ ഓജയും മുൻനിരക്കാരെക്കാളും നന്നായി ബാറ്റ് ചെയ്യുന്നു. മലിംഗയാണെങ്കിൽ അസാമാന്യഫോമിൽ പന്തെറിയുകയും. മറുവശത്തു ബോളർമാർ മാറി മാറി വന്നപ്പോഴും ഒരറ്റത്തു മുരളിതന്നെ തുടർന്നു. മറുവശത്തു ബോൾ ചെയ്തവർ വിക്കറ്റെടുക്കരുതേ എന്ന് ആരാധകർ പ്രാർഥിച്ച മണിക്കൂറുകൾ. ഓജയെ സ്വന്തം ബോളിൽ പിടികൂടാൻ ഹെറാത്ത് മുന്നോട്ടു പറന്നുവീണെങ്കിലും ഇഞ്ചുകൾക്കു പിന്നിലായപ്പോൾ കാണികൾ ആശ്വസിച്ചു. ആരാധകർ കാത്തിരുന്ന നിമിഷം പിറന്നതു രണ്ടു മണിയോടെ. ഓജയുടെ ബാറ്റിന്റെ അരികിലുരഞ്ഞ പന്ത് മഹേല കയ്യിലൊതുക്കുമ്പോൾ ചരിത്രം പിറന്നു. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ‘വീ സല്യൂട്ട് യു’ എന്ന വാക്കുകൾക്കു കീഴെ മുരളിയുടെ കണ്ണുകൾ തിളങ്ങി. അഞ്ചാം ദിനം മാത്രം മുരളി എറിഞ്ഞത് 26.1 ഓവർ. തളരാത്ത പോരാളിയെപ്പോലെയായിരുന്നു അവസാന മണിക്കൂറുകളിലും മുരളി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 338 റണ്സിന് പുറത്താക്കിയ ശ്രീലങ്ക വിജയത്തിലേക്ക് ആവശ്യമായ 95 റൺസ് 14.1 ഓവറിൽ അടിച്ചെടുത്തു, വിക്കറ്റം നഷ്ടം കൂടാതെതന്നെ. ഇതോടെ അവസാന ടെസ്റ്റിൽ 10 വിക്കറ്റിന്റെ ചരിത്രവിജയവുമായി മുരളിക്കു യാത്രയയപ്പു നൽകാനും ലങ്കയ്ക്കായി. സംഭവബഹുലം, ഈ ക്രിക്കറ്റ് ജീവിതം