‘ഈശോ’ വേണ്ടന്ന് വെച്ച് നാദിര്‍ഷ, തീരുമാനത്തിന് പിന്നില്‍ വിനയന്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ പേരിനെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ചിത്രത്തിന്റെ പേര് ഒരുവിഭാഗം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ പേര് മാറ്റാനില്ലെന്നും പക്ഷേ ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മറ്റുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിവാദം ഇത്ര കൊടുംപിരി കൊണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ‘ഈശോ’ എന്ന പേര് മാറ്റാന്‍ നാദിര്‍ഷ തയ്യാറാണെന്ന് അറിയിക്കുകയാണ് സംവിധായകന്‍ വിനയന്‍.

ഈശോ എന്ന പേര് മാറ്റുന്നതിലൂടെ വിവാദങ്ങള്‍ ഒഴിയുമെങ്കില്‍ അങ്ങനെ ചെയ്യുന്നതല്ലേ നല്ലത് എന്ന് താന്‍ നാദിര്‍ഷയോട് ഫോണിലൂടെ ചോദിച്ചു. ശേഷം തന്റെ വാക്ക് ഉള്‍ക്കൊണ്ട് പേര് മറ്റുമെന്ന് നാദിര്‍ഷ ഉറപ്പ് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പേര് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് മാറ്റുന്നതിലൂടെ വിവാദം ഒഴിയുമല്ലോ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

2001 ല്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ ഒരുക്കിയ ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ‘രാക്ഷസരാമന്‍’ എന്നായിരുന്നു. പക്ഷെ പിന്നീട് അത് ഒരു വിഭാഗം വിശ്വസികള്‍ക്ക് വിഷമം തോന്നും എന്ന് വാദം കണക്കിലെടുത്താണ് താന്‍ പേരുമാറ്റിയതെന്നും വിനയന്‍ പറഞ്ഞു.

വിശ്വസിക്കളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമാക്കാര്‍ക്ക് ഇല്ലെന്നും, തന്റെ വാക്ക് കേട്ട് സിനിമയുടെ പേരുമാറ്റാന്‍ തയ്യാറായ നാദിര്‍ഷയോടെ നന്ദി പറയുന്നുവെന്നും ഒപ്പം സിനിമയുടെ പുതിയ പേരിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിനയന്റെ വാക്കുകള്‍:

‘വിവാദങ്ങള്‍ ഒഴിവാക്കുക, നാദിര്‍ഷ ‘ഈശോ’ എന്ന പേര് മാറ്റാന്‍ തയ്യാറാണ്. ‘ഈശോ’ എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോള്‍ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ?
ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി പങ്കുവച്ചു. 2001ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം നാദിര്‍ഷയോട് പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നായിരുന്നു ആദ്യം. പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്ന പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരിട്ടത്. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുമെന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍, അധഃസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ? ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്ററസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കൂടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് ‘സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു, പേരു മാറ്റാം’ എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ.’

https://youtu.be/Wfut8DC_5f4

Leave a Reply

Your email address will not be published. Required fields are marked *

Visit Us On YoutubeVisit Us On FacebookVisit Us On TwitterVisit Us On Instagram